ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തെരുവ് നായകളെ പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റാനുള്ള ഓഗസ്റ്റ് 8-ലെ ഉത്തരവ് സുപ്രീം കോടതി പരിഷ്‌കരിച്ചു. വാക്സിനേഷനും വിരമരുന്നും നല്‍കിയ ശേഷം നായകളെ അതേ പ്രദേശത്തേക്ക് തന്നെ തിരികെ വിടാന്‍ കോടതി നിര്‍ദേശിച്ചു. അതേസമയം, പേവിഷബാധയോ ആക്രമണ സ്വഭാവമോ ഉള്ള നായകളെ വാക്‌സിനേഷന്‍ നല്‍കിയ ശേഷം പ്രത്യേക ഷെല്‍ട്ടറുകളില്‍ പാര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
പൊതുസ്ഥലങ്ങളില്‍ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നത് അനുവദിക്കില്ലെന്നും, ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി. നായകള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രത്യേക ഇടങ്ങള്‍ കണ്ടെത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള തെരുവ് നായകളുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി ഈ വിഷയത്തില്‍ വിശദമായ വാദം കേട്ട ശേഷം ഒരു ദേശീയ നയം രൂപീകരിക്കുമെന്ന് കോടതി അറിയിച്ചു. രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ ഹര്‍ജികളും സുപ്രീം കോടതിയിലേക്ക് മാറ്റാനും നിര്‍ദേശിച്ചു.
ജസ്റ്റിസ് പര്‍ദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഓഗസ്റ്റ് 8-ന് പുറപ്പെടുവിച്ച ഉത്തരവാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്. ഡല്‍ഹിയിലെ എല്ലാ തെരുവ് നായകളെയും എട്ട് ആഴ്ചകള്‍ക്കുള്ളില്‍ പിടികൂടി ഷെല്‍ട്ടറുകളില്‍ പാര്‍പ്പിക്കാനായിരുന്നു ഉത്തരവ്. നായകളുടെ ആക്രമണവും പേവിഷബാധയും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്. 2024-ല്‍ ഡല്‍ഹിയില്‍ നായ്ക്കളുടെ കടിയേറ്റ 25,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും, 2025 ജനുവരിയില്‍ മാത്രം 3,000-ത്തിലധികം കേസുകള്‍ ഉണ്ടായതായും സര്‍ക്കാര്‍ കണക്കുകള്‍ ഉദ്ധരിച്ച് കോടതി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ഈ വിധി മൃഗസംരക്ഷണ പ്രവര്‍ത്തകരുടെയും എന്‍ജിഒകളുടെയും ശക്തമായ എതിര്‍പ്പിന് കാരണമായിരുന്നു. ഡല്‍ഹിയില്‍ ഏകദേശം എട്ട് ലക്ഷം തെരുവ് നായകളുണ്ടെന്നും, ഇത്രയും മൃഗങ്ങളെ ഉള്‍ക്കൊള്ളാന്‍ മതിയായ ഷെല്‍ട്ടറുകള്‍ ഇല്ലെന്നും അവര്‍ വാദിച്ചു. കൂടാതെ, ഇത് മൃഗജനന നിയന്ത്രണ (എബിസി) നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍ വി അഞ്ജാരിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് നിലവിലെ ഉത്തരവ് പുറപ്പെടുവിച്ചത്.