അദാനിക്കെതിരായ ഹിന്‍ഡന്‍ബർഗ് റിപ്പോർട്ടില്‍ സുപ്രീം കോടതി വിധി നാളെ

Jaihind Webdesk
Tuesday, January 2, 2024

 

ന്യൂഡല്‍ഹി: അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിക്കാൻ സ്വതന്ത്ര സമിതി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് വിധി പറയുക. ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് കൃത്രിമത്വം കാണിച്ചുവെന്നായിരുന്നു ഹിന്‍ഡന്‍ബർഗ് റിപ്പോർട്ടിലെ പരാമർശം. ഇന്ത്യൻ ഓഹരി വിപണിയെ തന്നെ പിടിച്ചുലച്ച റിപ്പോർട്ട് വൻ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയത്.

ഷോർട്ട് സെല്ലിംഗ് പോലുള്ള സംഭവങ്ങൾ മൂലമുണ്ടാകുന്ന സ്ഥിരതയില്ലായ്മയിൽനിന്ന് ഓഹരി വിപണിയെ സംരക്ഷിക്കാൻ സെബി നടപടിയെടുക്കണമെന്ന് കോടതി നേരത്തേ വാക്കാൽ നിർദേശിച്ചിരുന്നു. നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനും നിക്ഷേപക സുരക്ഷയ്ക്കും സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ചും സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. കഴിഞ്ഞ നവംബറിൽ വാദം പൂർത്തിയായ കേസിലാണ് നാളെ വിധി പറയുന്നത്.

2023 ജനുവരി 24-നാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി ഹിന്‍ഡൻബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതിന് പിറകെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞിരുന്നു. ഗൗതം അദാനി ലോക സമ്പന്നരുടെ പട്ടികയില്‍ രണ്ടില്‍ നിന്ന് മുപ്പതിനും പിറകിലേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ഓഹരികൾ പ്ലെഡ്ജ് ചെയ്ത് വലിയ തോതിൽ കടം വാങ്ങി. ഇതിന്‍റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുന്നതായും ആരോപണമുയര്‍ത്തിയിരുന്നു. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പിന്‍റെ ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അഭിഭാഷകരായ വിശാൽ തിവാരി, എം.എൽ. ശർമ, കോൺഗ്രസ് നേതാവ് ഡോ. ജയ താക്കൂർ എന്നിവർ ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണമാവശ്യപ്പെട്ട് കഴിഞ്ഞ മാർച്ചിൽ സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജികൾ നൽകുകയായിരുന്നു. തുടർന്ന് വിഷയം പഠിക്കാൻ കോടതി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെ (SEBI) ചുമതലപ്പെടുത്തി. മെയ് 17-നുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചെങ്കിലും കൂടുതല്‍ സമയം വേണമെന്ന് സെബി ആവശ്യപ്പെട്ടു. തുടർന്ന് ഓഗസ്റ്റ് 14 വരെ കോടതി സമയം നീട്ടി നല്‍കിയെങ്കിലും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടില്ല. ഇതോടെ സെബിക്കെതിരെ കോടതിയലക്ഷ്യ ഹർജി നല്‍കി. സെബി മുൻ ചെയർമാൻ അടക്കമുള്ളവർ അദാനിയെ വഴിവിട്ട് സഹായിക്കുന്നുവെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.