SUPREME COURT| ബലാത്സംഗക്കേസുകളില്‍ അതിജീവിതയുടെ വാദം കേള്‍ക്കാതെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത്: നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി

Jaihind News Bureau
Wednesday, July 16, 2025

ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് അതിജീവിതയുടെ വാദം കേള്‍ക്കണമെന്ന സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. കോഴിക്കോട് നടന്ന ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതി നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്.

കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇരയുടെ വാദം കേള്‍ക്കാതെയാണ് പ്രതി വിചാരണ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയത് എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം റദ്ദാക്കിയത്. ഇതിനെതിരായ പ്രതിയുടെ അപ്പീല്‍ തള്ളിയാണ് ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, എന്‍വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഈക്കാര്യം വ്യക്തമാക്കിയത്.

പ്രതിക്കു വേണ്ടി അഭിഭാഷകന്‍ ശ്രീറാം പറക്കാട് ഹാജരായി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ സികെ ശശി, അഭിഭാഷക മീന കെ പൗലോസ് എന്നിവര്‍ ഹാജരായി. അതിജീവിതയ്ക്കായി വേണ്ടി സീനിയര്‍ അഭിഭാഷക അനിത ഷേണായ് ഹാജരായി.