ലോക്ക് ഡൗണില്‍ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളെ ഉടന്‍ നാട്ടിലെത്തിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഇതിനായി 15 ദിവസത്തെ സമയം നല്കി. ഇതരസംസ്ഥാന തൊഴിലാളികളുടെ ദുരവസ്ഥ സംബന്ധിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്, എസ്.കെ.കൗള്‍ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇത് സംബന്ധിച്ച അന്തിമ ഉത്തരവ് സുപ്രീം കോടതി ചൊവ്വാഴ്ച പുറപ്പെടുവിക്കും.
സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് ട്രെയിനുകള്‍ അനുവദിക്കാന്‍ തടസമില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു. ജൂൺ 1 മുതൽ പ്രത്യേക എസി ട്രെയിനുകൾക്ക് പുറമെ 200 നോൺ എ.സി ട്രെയിനുകൾ കൂടി പ്രതിദിനം ഓടിത്തുടങ്ങിയതോടെ സംസ്ഥാനങ്ങൾ ശ്രമിക് ട്രെയിനുകൾ അധികം ആവശ്യപ്പെടുന്നില്ലെന്ന് റെയിൽവെ അറിയിച്ചു. എന്നാൽ തൊഴിലാളികൾക്ക് സൗജന്യ യാത്ര ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങൾ യാത്രാചെലവ് വഹിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് ശ്രമിക് ട്രെയിൻ ആവശ്യത്തിൽ വലിയ കുറവ് ഉണ്ടായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനങ്ങൾക്ക് ഈ തുക വഹിക്കാൻ താത്പര്യമില്ലാത്തതാണ് ആവശ്യം കുറയാൻ കാരണമായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ ടിക്കറ്റ് ചാര്‍ജ് റെയില്‍വെ നല്‍കണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടു.
നേരത്തെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ അവരുടെ കൈയിൽ നിന്നും പണം ഈടാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. അതിഥി തൊഴിലാളികളുടെ മടക്കയാത്ര സംബന്ധിച്ച ചെലവുകൾ അതത് പിസിസികൾ വഹിക്കാന്‍ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതനുസരിച്ച് പഞ്ചാബ്, കർണാടക, മധ്യപ്രദേശ് പിസിസികൾ തങ്ങളുടെ ചെലവിൽ തന്നെ തൊഴിലാളികളെ നാട്ടിലെത്തിച്ചിരുന്നു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ വലിയ തോതിലുള്ള പ്രവർത്തനമാണ് നടത്തിയത്. സുപ്രീംകോടതി കഴിഞ്ഞ 28ന് ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് പണം ഈടാക്കരുതെന്നും യാത്ര ചെലവ് സംസ്ഥാനങ്ങൾ പങ്കിടണമെന്നും ട്രെയിനിലും ബസിലും ഭക്ഷണം ഉറപ്പ് വരുത്തണമെന്ന് നിർദ്ദേശിച്ച് പുറപ്പെടുവിച്ച ഇടക്കാല വിധി കോണ്‍ഗ്രസിന്റെ പ്രവർത്തനങ്ങള്‍ക്കുള്ള വിജയമായാണ് വിലയിരുത്തപ്പെട്ടത്.