തെരുവുനായ കടിയേറ്റാല്‍ സര്‍ക്കാര്‍ ‘കനത്ത വില’ നല്‍കേണ്ടി വരും; നായപ്രേമികള്‍ക്കും ഉത്തരവാദിത്തമെന്ന് സുപ്രീംകോടതി

Jaihind News Bureau
Tuesday, January 13, 2026

ന്യൂഡല്‍ഹി: തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ കനത്ത നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് സുപ്രീംകോടതിയുടെ കര്‍ശന മുന്നറിയിപ്പ്. തെരുവു മൃഗങ്ങളെ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ കാട്ടുന്ന അനാസ്ഥയില്‍ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി.

കഴിഞ്ഞ അഞ്ച് വര്‍ഷമായി തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള ഒരു നടപടിയും സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നില്ല. നായയുടെ കടിയേറ്റ് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പരിക്കേല്‍ക്കുമ്പോഴും ജീവന്‍ നഷ്ടമാകുമ്പോഴും സംസ്ഥാന സര്‍ക്കാരുകള്‍ വലിയ തുക നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിടും. തെരുവുനായ്ക്കളെ പോറ്റുന്നവരും അവയ്ക്ക് ഭക്ഷണം നല്‍കുന്ന സംഘടനകളും നായ കടിയേല്‍ക്കുന്ന സംഭവങ്ങളില്‍ ഉത്തരവാദികളായിരിക്കും. ‘ഒന്‍പത് വയസ്സുള്ള കുട്ടിയെ നായ ആക്രമിക്കുമ്പോള്‍ ആരാണ് ഉത്തരവാദി? അവയ്ക്ക് ഭക്ഷണം നല്‍കുന്ന സംഘടനകളാണോ?’ എന്ന് കോടതി ആരാഞ്ഞു. ഈ വിഷയത്തില്‍ അധികൃതര്‍ കണ്ണടയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

തെരുവുനായ ശല്യം മുമ്പത്തേക്കാള്‍ ആയിരം മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. ഗുജറാത്തില്‍ പാര്‍ക്കിലിരുന്ന അഭിഭാഷകനെ നായ ആക്രമിച്ച സംഭവം കോടതി ചൂണ്ടിക്കാട്ടി. നായയെ പിടിക്കാന്‍ എത്തിയവരെപ്പോലും അത് ആക്രമിക്കുന്ന അവസ്ഥയാണുള്ളത്. റോഡുകളിലെ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ നീക്കം ചെയ്യണമെന്ന 2025 നവംബര്‍ 7-ലെ ഉത്തരവ് പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. തെരുവുനായ ശല്യം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുടെ പക്കല്‍ വ്യക്തമായ കര്‍മ്മപദ്ധതി ഉണ്ടോ ഇല്ലയോ എന്ന് കൃത്യമായി അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.