കോടതിയലക്ഷ്യ കേസ്: പരാമർശം പിൻവലിക്കാൻ സമയം അനുവദിച്ച് കോടതി, പ്രസ്താവന മാറ്റില്ലെന്ന് പ്രശാന്ത് ഭൂഷൺ

കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി തിരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതി. കോടതിയലക്ഷ്യമെന്ന കണ്ടെത്തിയ ട്വീറ്റുകളെക്കുറിച്ച് പുനരാലോചന നടത്താന്‍ പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി രണ്ട് ദിവസത്തെ സമയം അനുവദിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിച്ചേക്കും. അതേ സമയം നിലപാടിൽ മാറ്റമില്ലെന്നും കോടതിയുടെ ഔദാര്യം വേണ്ടെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.

എല്ലാ വ്യക്തികൾക്കും കോടതിയെ വിമർശിക്കുന്നതിനുള്ള അധികാരമുണ്ട്. എന്നാൽ അതിന് ഒരു ലക്ഷ്‌മണ രേഖയുണ്ട്. പ്രശാന്ത് ഭൂഷൺ ആ പരിധി ലംഘിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് ജസ്റ്റിസ് അരുൺമിശ്രയുടെ നിരീക്ഷണം. കഴിഞ്ഞ ആറുവർഷത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാർ, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ എന്നിവർക്കെതിരേ ട്വീറ്റ് ചെയ്തതിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കോടതി അലക്ഷ്യ കേസിൽ പരാമർശം പിൻവലിക്കാൻ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി രണ്ട് ദിവസത്തെ സമയം നൽകി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

അതേ സമയം എത്രസമയം തന്നാലും നിലപാട് മാറ്റില്ലെന്നാണ് പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി. കേസിൽ മാപ്പ് പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതി തന്നെ തെറ്റിദ്ധരിക്കുകയായിരുന്നെന്നും അതിൽ വേദനയുണ്ട് താൻ കുറ്റക്കാരനാണെന്ന കോടതിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്. കോടതിക്കുനേരെ മന:പൂർവമായ ആക്രമണമാണ് താൻ നടത്തിയതെന്ന നിഗമനത്തിലേയ്ക്ക് കോടതി എത്തിച്ചേർന്നത് എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണെന്ന് അത്ഭുതപ്പെടുകയാണെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.

പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന നിലപാടാണ് കേന്ദ്രത്തിന് വേണ്ടി അറ്റോര്‍ണി ജനറലും കോടതിയെ അറിയിച്ചത്. 2009ൽ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസുമാ൪ക്കെതിരെ പ്രശാന്ത് ഭൂഷൺ നടത്തിയ പരാമ൪ശത്തിന്‍റെ പേരിലാണ് സുപ്രീംകോടതി ഹരജി പരിഗണിച്ചിരുന്നത്. കൂടാതെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ആഢംബര ബൈക്കിൽ ഇരിക്കുന്നതിന് ചിത്രവും കൂടി ചേർത്ത ട്വീറ്റിൽ പ്രശാന്ത് ഭൂഷൺ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മറ്റൊരു ട്വീറ്റിൽ മുൻ ചീഫ് ജസ്റ്റിസുമാരെ അടക്കം വിമർശിച്ചു. രണ്ട് ട്വീറ്റുകളിലും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കോടതിയലക്ഷ്യക്കേസ് എടുക്കുകയായിരുന്നു. ഇക്കാര്യത്തിൽ പ്രശാന്ത് ഭൂഷൺ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു

Comments (0)
Add Comment