കേണല്‍ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശ് മന്ത്രി വിജയ് ഷാ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ സുപ്രീംകോടതി എസ് ഐ ടി അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാന്‍ മധ്യപ്രദേശ് ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി. സംഘത്തില്‍ വനിതയുള്‍പ്പെടെ 3 ഐപിഎസ് ഉദ്യോഗസ്ഥരുണ്ടാകണമെന്നും ഇവരാരും മധ്യപ്രദേശ് സ്വദേശികളാകരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഐജി റാങ്കിലുളള ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കണമെന്നും. നാളെ രാവിലെ 10 നുള്ളില്‍ എസ്‌ഐടി അംഗങ്ങളെ നിശ്ചയിക്കണമെന്നും മെയ് 28ന് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
അറസ്റ്റ് താത്കാലികമായി തടഞ്ഞ കോടതി, അന്വേഷണത്തോട് സഹകരിക്കണമെന്ന് വിജയ് ഷായ്ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കേസ് മേയ് 28ന് പരിഗണിക്കും.. കോടതി കടുത്ത പരാമര്‍ശം നടത്തിയതോടെ വിജയ് ഷായെ സംരക്ഷിച്ച ബിജെപി ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. മന്ത്രി നടത്തിയ ഖേദപ്രകടനം തള്ളിയ കോടതി പരാമര്‍ശങ്ങള്‍ നിലവാരമില്ലാത്തതും, ലജ്ജാകരമെന്നും വിമര്‍ശിച്ചു. നിയമ നടപടികള്‍ ഒഴിവാക്കാനുള്ള മുതലക്കണ്ണീര്‍ ആയിരുന്നോ മാപ്പപേക്ഷയെന്നും കോടതി കുറ്റപ്പെടുത്തി ചോദിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തിന് പിന്നാലെ സൈനിക നേതൃത്വത്തിന്റെ നീക്കങ്ങള്‍ വിശദീകരിച്ച വാര്‍ത്താ സമ്മേളനത്തിലാണ് കേണല്‍ സോഫിയ ഖുറേഷിയെ എല്ലാവരും അഭിനന്ദിച്ചത്. എന്നാല്‍, അവരെ അധിക്ഷേപിച്ചുളള മധ്യപ്രദേശ് മന്ത്രി കന്‍വര്‍ വിജയ് ഷായുടെ വിദ്വേഷ പരാമര്‍ശം രാജ്യത്തിനാകെ നാണാക്കേടായി മാറിയിരുന്നു. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന് അധിക്ഷേപമാണ് ബിജെപി മന്ത്രി നടത്തിയത്. വിഷയത്തില്‍ മധ്യപ്രദേശ് ഹൈക്കോടതി സ്വമേധയ ഇടപെടുകയായിരുന്നു. പിന്നീട് വിജയ് ഷാക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള വിജയ് ഷായുടെ ഹര്‍ജിക്കെതിരെയാണ് സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കുറ്റം ചെയ്തവര്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.