യു.പിയില്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത യോഗി സര്‍ക്കാരിനെതിരെ സുപ്രീംകോടതി: ഉടനെ വിട്ടയക്കാന്‍ ഉത്തരവ്

Jaihind Webdesk
Tuesday, June 11, 2019

ന്യൂഡല്‍ഹി: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തതിനെതിരെ സുപ്രീംകോടതി. അറസ്റ്റ് ഭരണഘടനാവിരുദ്ധമാണെന്നും ഉടനെ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഒരു ട്വിറ്റിന്റെ പേരില്‍ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് കോടതി ചോദിച്ചു. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതാണ് യു.പി പോലീസിന്റെ നടപടിയെന്നും കോടതി വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ചുവെന്നതിന്റെ പേരില്‍ നിരവധി മാധ്യമപ്രവര്‍ത്തകരെയാണ് അറസ്റ്റിലായത്. ഫ്രീലാന്റ് ജേണലിസ്റ്റ് പ്രശാന്ത് ജഗ്ദീഷ് കനോജിയ, നാഷന്‍ലൈവ് ചാനല്‍ തലവന്‍ ഇഷിക സിങ്, എഡിറ്റര്‍ അനുഡ് ശുക്ല എന്നിവരാണ് ആദ്യം അറസ്റ്റിലായത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ഒരു യുവതി എത്തി മാധ്യമങ്ങളെ കണ്ടിരുന്നു. യോഗിയുമായി പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കണമെന്നുമായിരുന്നു ആവശ്യം. ജൂണ്‍ ആറിന് ഏതാനും മാധ്യമങ്ങള്‍ നല്‍കിയ യുവതിയുടെ വാര്‍ത്ത ഇവര്‍ ട്വീറ്റ് ചെയ്തിരുന്നു.
പ്രശാന്ത് കനോജിയയെ ഉത്തര്‍പ്രദേശ് പൊലീസ് ഡല്‍ഹിയിലെ വസതിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി ലഖ്‌നൌവിലേക്ക് കൊണ്ടുപോവുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.