പ്രതിപക്ഷ ശബ്ദം അടിച്ചമർത്തുന്നു; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍; ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പതാക ഉയർത്തി

Jaihind Webdesk
Tuesday, August 15, 2023

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയ്ക്കും  സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സ്വാതന്ത്ര്യദിന സന്ദേശം. ചെങ്കോട്ടയിൽ നടന്ന 77-ാം സ്വാതന്ത്ര്യദിന പരിപാടി ഒഴിവാക്കിയാണ് മല്ലികാർജുൻ ഖാർഗെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പതാക ഉയർത്തുന്ന ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചത്.

“കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ മാത്രമാണ് ഇന്ത്യ വികസിച്ചതെന്ന് ചിലര്‍ കരുതുന്നു, എന്നാല്‍ ആ ചിന്ത തെറ്റാണ്.
പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റു ജി സ്റ്റീല്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കുകയും പൊതുമേഖലാ യൂണിറ്റുകള്‍ സൃഷ്ടിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. രാജ്യത്തിലെ യുവാക്കള്‍ക്കായി ഐഐടികള്‍, ഐഐഎം, എയിംസ്, ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒ എന്നിവയും അദ്ദേഹം സ്ഥാപിക്കുകയും രാജ്യത്ത് ആറ്റോമിക് ഗവേഷണത്തിന് അടിത്തറയിടുകയും ചെയ്തുവെന്നും എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖാര്‍ഗെ പറഞ്ഞു.

‘പാര്‍ലമെന്‍റിലെ പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്യുന്നു, ഞാന്‍ പാര്‍ലമെന്‍റില്‍ സംസാരിക്കാന്‍ എഴുന്നേല്‍ക്കുമ്പോഴെല്ലാം എന്‍റെ  മൈക്ക് സ്വിച്ച് ഓഫ് ചെയ്യുന്നു. എന്നിട്ട് പറയുന്നു ലോകത്തിലെ ശക്തമായ ജനാധിപത്യ രാജ്യം ഇന്ത്യയാണെന്ന്. പ്രതിപക്ഷത്തിന്‍റെ  ശബ്ദം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു.

ജനാധിപത്യവും ഭരണഘടനയും നമ്മുടെ രാജ്യത്തിന്‍റെ ആത്മാവാണ്. രാജ്യത്തിന്‍റെ  ഐക്യത്തിനും അഖണ്ഡതയ്ക്കും സ്നേഹത്തിനും സാഹോദര്യത്തിനും ഐക്യത്തിനും വേണ്ടി ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുമെന്ന് ഞങ്ങള്‍ ഈ പ്രതിജ്ഞയെടുക്കുന്നുവെന്നും  കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

എഐസിസി ആസ്ഥാനത്ത് വിപുലമായ നടന്ന സ്വാതന്ത്യദിന പരിപാടികളില്‍  എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പതാക ഉയര്‍ത്തി.  രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തുടങ്ങിയ നിരവധി നേതാക്കളും പ്രവര്‍ത്തകരും പരിപാടിയില്‍  പങ്കെടുത്തു.