നല്‍കാനുളള കുടിശ്ശികയില്‍ മൂന്നിലൊന്നെങ്കിലും അനുവദിക്കണം, ഇല്ലെങ്കില്‍ ഔട്ട്ലറ്റുകള്‍ അടച്ചിടും; സര്‍ക്കാരിന് മുന്നറിയിപ്പുമായി സപ്ലൈകോ

Jaihind Webdesk
Tuesday, January 2, 2024

സപ്ലൈകോക്ക് നല്‍കാനുളള കുടിശ്ശികയില്‍ മൂന്നിലൊന്നെങ്കിലും അനുവദിച്ചില്ലെങ്കില്‍ ഔട്ട്ലറ്റുകള്‍ അടച്ചിടുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി സപ്ലൈകോ. അതേസയം അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനയെ കുറിച്ച് പഠിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് വന്നേക്കും.

വിപണിയില്‍ സാധനങ്ങളുടെ വില മാറുന്നതനുസരിച്ച് സബ്‌സിഡി നിരക്ക് ഇടയ്ക്കിടെ പുനപരിശോധിക്കുന്ന വിധമാണ് വിലവര്‍ധനവ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. 2016 മുതല്‍ വിവിധ ഘട്ടങ്ങളിലായി വിപണിയില്‍ ഇടപെട്ട വകയില്‍ 1600 കോടി രൂപയോളം കുടിശ്ശികയാണ് സപ്ലൈകോക്ക് സര്‍ക്കാര്‍ നല്‍കാനുളളത്. നല്‍കാനുളള കുടിശിക 800 കോടിയിലധികം ആയതോടെ സ്ഥിരം കരാറുകാര്‍ പോലും ടെണ്ടറില്‍ പങ്കെടുക്കാതായി. ക്രിസ്മസ് പുതുവത്സര വിപണിയിലടക്കം കടുത്ത പ്രതിസന്ധി നേരിട്ടതോടെ സപ്ലൈകോ ഇനി ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ്. അടിയന്തരമായി 500 കോടിയെങ്കിലും അനുവദിക്കണമെന്ന് മുഖ്യമന്ത്രിയെ വകുപ്പുമന്ത്രി അറിയിച്ചിട്ടുണ്ട്. അതിനിടെ അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധന പഠിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. അത് അടുത്ത മന്ത്രിസഭാ യോഗം പരിഗിക്കും.