ജനത്തിന് മറ്റൊരു ഇരുട്ടടി; സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വില 25% വരെ കൂട്ടും

Jaihind Webdesk
Tuesday, December 12, 2023

 

തിരുവനന്തപുരം: സപ്ലൈകോ വഴി വിൽക്കുന്ന സാധനങ്ങളുടെ വില കൂട്ടാൻ സർക്കാർ. സബ്‌സിഡി സാധനങ്ങളുടെ വില 25 ശതമാനംവരെ വർധിപ്പിക്കാന്‍ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയിൽ ധാരണയായി. നിലവിൽ 13 ഉത്പന്നങ്ങൾക്കാണ് സബ്‌സിഡിയുള്ളത്.

സപ്ലൈകോ വഴി വിൽക്കുന്ന 13 ഇന സബ്സിഡി സാധനങ്ങളുടെ വില കൂട്ടുവാനാണ് ധാരണയായിരിക്കുന്നത്. വില പരിഷ്കരിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയിലാണ് ഇക്കാര്യം ധാരണയായിരിക്കുന്നത്. സപ്ലൈകോയുടെ നിലനിൽപ്പിന് സർക്കാർ കൂടുതൽ നിക്ഷേപം നടത്തി സൂപ്പർ ബസാറുകളുടെ ശൃംഖല സ്ഥാപിക്കണമെന്നാണ് മറ്റൊരു ശുപാർശ.
ആസൂത്രണ ബോർഡംഗം ഡോ. രവി രാമൻ അധ്യക്ഷനായ വിദഗ്ധസമിതി ഈയാഴ്ച തന്നെ റിപ്പോർട്ട് സമർപ്പിക്കും.

സപ്ലൈകോ വഴി നൽകുന്ന 13 ഇന സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടുവാൻ കഴിഞ്ഞ മാസം തന്നെ ഇടതുമുന്നണി യോഗം അനുമതി നൽകിയിരുന്നു. അതേസമയം നിലവിൽ 13 ഇന സബ്‌സിഡി ഉത്പന്നങ്ങളുടെ എണ്ണം 16 ആക്കാൻ സാധ്യത തേടണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും സമിതി അനുകൂല നിലപാടെടുത്തിട്ടില്ല. എന്നാൽ സർക്കാരിന്‍റെ നവകേരള സദസ് നടക്കുന്നതിനാൽ വിലകൂട്ടാൻ തിടുക്കത്തിൽ തീരുമാനം ഉണ്ടായേക്കില്ല.