Super Moon | മിസ്സാക്കല്ലേ….ഈ വര്‍ഷത്തെ ഏറ്റവും വലിയ പൂര്‍ണ്ണചന്ദ്രനെ ഇന്നു കാണാം ; സൂപ്പര്‍മൂണ്‍ പ്രതിഭാസം നവംബര്‍ 5-ന് രാത്രി ആകാശത്തു കാണാം

Jaihind News Bureau
Wednesday, November 5, 2025

കൊച്ചി · 2025-ലെ ഏറ്റവും വലിയ പൂര്‍ണ്ണ ചന്ദ്രന്‍, ‘സൂപ്പര്‍മൂണ്‍’ അഥവാ ‘ബീവര്‍ മൂണ്‍’ നവംബര്‍ 5-ന് രാത്രി ആകാശത്ത് ഉദിക്കും. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ അസാധാരണമായ തിളക്കവും വലുപ്പവുമായിരിക്കും ഈ ചന്ദ്രന്. 2025-ല്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന പൂര്‍ണ്ണ ചന്ദ്രന്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും വലുതും തിളക്കമുള്ളതുമായ ചാന്ദ്ര പ്രതിഭാസമാണിത്. വാനനിരീക്ഷകരെയും സാധാരണക്കാരെയും ഒരുപോലെ വിസ്മയിപ്പിക്കുന്ന ഈ കാഴ്ച നവംബര്‍ 5-ന് രാത്രിയില്‍ ആസ്വദിക്കാം. ഭൂമിയിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും നഗരങ്ങളിലും സൂപ്പര്‍മൂണ്‍ ദൃശ്യമാകും.

ചന്ദ്രന്റെ ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന ബിന്ദുവിനെയാണ് പെരിജി എന്ന് പറയുന്നത്. ചന്ദ്രന്റെ ഭ്രമണപഥം ഒരു പൂര്‍ണ്ണവൃത്തമല്ലാത്തതിനാല്‍, ഭൂമിയില്‍ നിന്നുള്ള അതിന്റെ ദൂരം വ്യത്യാസപ്പെടും. പൂര്‍ണ്ണ ചന്ദ്രന്‍ പെരിജിയോട് അടുത്ത് വരുമ്പോള്‍, അത് സാധാരണ പൂര്‍ണ്ണ ചന്ദ്രനെക്കാള്‍ 14% വരെ വലുതായും 30% വരെ തിളക്കമുള്ളതായും കാണപ്പെടും. നവംബര്‍ അഞ്ചിനുള്ള സൂപ്പര്‍മൂണ്‍ ഭൂമിയില്‍ നിന്ന് ഏകദേശം 3,57,000 കിലോമീറ്റര്‍ അടുത്തായിരിക്കും. ഇത് സാധാരണ പൂര്‍ണ്ണ ചന്ദ്രനെക്കാള്‍ ഏകദേശം 17,000 മൈല്‍ അടുത്താണ്. ഈ അടുപ്പം ചന്ദ്രന്റെ വലുപ്പവും തിളക്കവും വര്‍ദ്ധിപ്പിക്കും.

നവംബര്‍ 5-ന് ഇന്ത്യന്‍ സമയം വൈകുന്നേരം 7:30 മുതല്‍ വിര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റിന്റെ സൗജന്യ തത്സമയ സ്ട്രീമിലൂടെ സൂപ്പര്‍മൂണ്‍ വീട്ടിലിരുന്ന് കാണാന്‍ സാധിക്കും.