കരിപ്പൂരില്‍ കള്ളക്കടത്ത് സ്വർണ്ണം കൈമാറുന്നതിനിടെ കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍

Jaihind Webdesk
Thursday, August 18, 2022

 

മലപ്പുറം: കള്ളക്കടത്ത് സ്വര്‍ണ്ണവുമായി കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍. കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവെച്ചാണ് കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പയെ തൊണ്ടി സഹിതം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടിൽ നിന്നും നാലര ലക്ഷം രൂപയും വിലപിടിപ്പുള്ള വാച്ചുകളും പോലീസ് കണ്ടെത്തി.

കരിപ്പൂർ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് കള്ളക്കടത്ത് സ്വര്‍ണ്ണം കൈമാറാനായി കാത്തുനിന്ന കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പയെ തൊണ്ടി സഹിതമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കരിപ്പൂർ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ രണ്ട് കാസര്‍ഗോഡ് സ്വദേശികള്‍ കടത്തിക്കൊണ്ടുവന്ന 320 ഗ്രാം സ്വര്‍ണ്ണമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പ എയര്‍പോര്‍ട്ടിന് പുറത്ത് എത്തിച്ചശേഷം കടത്തിക്കൊണ്ടുവന്ന യാത്രക്കാര്‍ക്ക് 25,000 രൂപ പ്രതിഫലത്തിന് കൈമാറാന്‍ ശ്രമിച്ചത്‌. കാസര്‍ഗോഡ് സ്വദേശികളും സഹോദരങ്ങളുമായ അബ്ദുൾ നാസർ, ജംഷീർ എന്നിവര്‍ കൊണ്ടുവന്ന 640 ഗ്രാം സ്വർണ്ണത്തിൽ 320 ഗ്രാം മാത്രം അക്കൗണ്ട്‌ ചെയ്ത് ബാക്കി വരുന്ന 320 ഗ്രാം സ്വർണം 25,000 രൂപക്ക് പുറത്ത് എത്തിച്ചുതരാമെന്ന് കസ്റ്റംസ് സുപ്രണ്ട് മുനിയപ്പ രഹസ്യ ധാരണയിലെത്തുകയായിരുന്നു. അതുപ്രകാരം സ്വർണ്ണം കൈമാറാന്‍ ശ്രമിക്കുന്ന സമയത്താണ് പോലീസ് മുനിയപ്പയെയും യാത്രക്കാരേയും പിടികൂടിയത്.

കൂടാതെ താമസ സ്ഥലം പരിശോധിച്ചപ്പോൾ കണക്കില്‍ പെടാത്ത 4,42,980 രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 500 യുഎഇ ദിര്‍ഹവും നിരവധി വിലപിടിപ്പുള്ള വാച്ചുകളും മറ്റ് യാത്രികരുടെ 4 ഇന്ത്യന്‍ പാസ്പോര്‍ട്ടുകളും നിരവധി രേഖകളും പിടിച്ചെടുക്കുകയുണ്ടായി. മുനിയപ്പയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കാലിക്കറ്റ് എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണക്കള്ളകടത്ത് സംഘവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്. തുടര്‍നടപടികളുടെ ഭാഗമായി സിബിഐ, ഡിആർഐ എന്നീ ഏജന്‍സികള്‍ക്ക് പോലീസ് റിപ്പോര്‍ട്ടും സമര്‍പ്പിക്കും.