വീറും വാശിയും നിറഞ്ഞ മറ്റൊരു ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിക്കും. ഏഷ്യാ കപ്പില്‍ ഇരു ടീമുകളുടെയും രണ്ടാം മത്സരമാണിത്. യുഎഇയെ 9 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ വരവ്. ഒമാനെ 93 റണ്‍സിന് തോല്‍പ്പിച്ചാണ് പാകിസ്താന്റെ മുന്നേറ്റം.
ഏഷ്യന്‍ ചാമ്പ്യന്മാരും ലോക ചാമ്പ്യന്മാരുമായ ടീം ഇന്ത്യ, കണക്കുകളിലും കരുത്തിലും പാകിസ്താനേക്കാള്‍ ഏറെ മുന്നിലാണ്. പരിചയസമ്പത്തും യുവത്വവും ഒത്തുചേര്‍ന്ന ബാറ്റിംഗ് നിരയും ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള പേസ് ബൗളിംഗും സ്പിന്നര്‍മാരും ഇന്ത്യയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നു.
ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയും മുഹമ്മദ് ഹാരിസും നയിക്കുന്ന ബാറ്റിംഗ് നിരയിലും ഷഹീന്‍ അഫ്രീദി-ഹാരിസ് റൗഫ് പേസ് സഖ്യത്തിലുമാണ് പാകിസ്താന്റെ പ്രതീക്ഷകള്‍. ടി20 മത്സരങ്ങളില്‍ ഇന്ത്യക്ക് പാകിസ്താനെതിരെ വ്യക്തമായ ആധിപത്യമുണ്ട്. ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയ 13 മത്സരങ്ങളില്‍ 10ലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ ഉയര്‍ന്നിരുന്നു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സരത്തിനെതിരെ രംഗത്തെത്തി. എന്നാല്‍, ഈ വിവാദങ്ങള്‍ക്കിടയിലും ഇരു ടീമുകള്‍ക്കും ഇത് ഒരു സാധാരണ മത്സരം മാത്രമല്ല, അഭിമാനപ്പോരാട്ടം കൂടിയാണ്.