ദുബായ്: ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് പോരാട്ടം ഇന്ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ സമയം 8 മണിക്കാണ് മത്സരം നടക്കുക. കേവലം ഒരു ക്രിക്കറ്റ് മത്സരത്തിനപ്പുറം ചരിത്രവും കടുത്ത വൈര്യവും രാഷ്ട്രീയ പിരിമുറുക്കങ്ങളുമാണ് ഇന്നത്തെ ഈ മത്സരത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സെപ്റ്റംബര്‍ 14 ഞായറാഴ്ച നടക്കുന്ന ഈ ‘സൂപ്പര്‍ സണ്‍ഡേ’ പോരാട്ടം ആരാധകര്‍ക്ക് ആവേശക്കാഴ്ചയാകും.
പഹല്‍ഗാമിലെ ഭീകരാക്രമണത്തിനും അതിന് മറുപടിയായ ഇന്ത്യുടെ ‘ഓപ്പറേഷന്‍ സിന്ദൂറി’നും പിന്നാലെ ഇരു ടീമുകളും ആദ്യമായാണ് ഏറ്റുമുട്ടുന്നത്. അതുകൊണ്ടുതന്നെ, ഇന്നത്തെ ഓരോ പന്തും കായികപരമായ പ്രാധാന്യത്തിനപ്പുറം വൈര്യത്തിന്റെയും പ്രതീക്ഷയുടെയും വര്‍ദ്ധിച്ച വികാരങ്ങളുടെയും പശ്ചാത്തലത്തില്‍ വീക്ഷിക്കപ്പെടും.
നിലവിലെ ടി20 ലോകകപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യ, പരിചയസമ്പത്തും യുവത്വവും ഒത്തുചേര്‍ന്ന ശക്തമായ നിരയുമായാണ് എത്തുന്നത്. ജസ്പ്രീത് ബുംറയുടെ തീവ്ര വേഗത, ശുഭ്മാന്‍ ഗില്ലിന്റെ മനോഹരമായ ബാറ്റിംഗ്, സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് പ്രകടനം, കുല്‍ദീപ് യാദവിന്റെ സ്പിന്‍ മാന്ത്രികത എന്നിവ ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്. ബാബര്‍ അസമിനും മുഹമ്മദ് റിസ്വാനും ശേഷം പാകിസ്ഥാന്‍, മുഹമ്മദ് ഹാരിസ്, സായിം അയൂബ്, സാഹിബ്‌സാദ ഫര്‍ഹാന്‍ തുടങ്ങിയ യുവതാരങ്ങളിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. അവരുടെ പേസ് ആക്രമണത്തിന് പിന്തുണ നല്‍കാന്‍ മൂന്ന് സ്പിന്നര്‍മാരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാകിസ്ഥാന്റെ ഇന്ത്യക്കെതിരായ അവസാന വിജയം 2022-ലെ ഏഷ്യാ കപ്പിലായിരുന്നു. ആവേശം നിറഞ്ഞ ആ അഞ്ച് വിക്കറ്റ് വിജയം ഇപ്പോഴും ആരാധകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. എന്നാല്‍ ആ വിജയത്തിന് ശേഷം എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയാണ് മേല്‍ക്കൈ നേടിയിട്ടുള്ളത്. നേര്‍ക്കുനേര്‍ വന്ന 13 മത്സരങ്ങളില്‍ 10 ലും വിജയിച്ച് ഇന്ത്യയാണ് മേല്‍ക്കൈ നേടിയിട്ടുണ്ട്. അതിനാല്‍ തന്നെ, കളിയിലും കണക്കിലും ഇന്ത്യയാണ് മുന്നില്‍.