അറബ് ലോകത്ത് ഇംഗ്‌ളീഷിന്‍റെ ആദ്യാക്ഷരം പഠിപ്പിച്ച ‘അമ്മച്ചി’ വിടവാങ്ങി ; ഇത് ഗള്‍ഫിലെ മലയാളികളുടെ ‘ജെംസ്’ ; സംസ്‌കാരം ദുബായില്‍

Jaihind Webdesk
Wednesday, March 31, 2021

 

ദുബായ് : പ്രമുഖ വിദ്യാഭ്യാസ സ്ഥാപന ഗ്രൂപ്പായ, ‘ജെംസ് ‘ എജ്യുക്കേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കിയുടെ മാതാവ് പത്തനംതിട്ട റാന്നി സ്വദേശിനി മറിയാമ്മ വര്‍ക്കി (89) ദുബായില്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. മൃതദേഹം ദുബായില്‍ സംസ്‌കരിക്കും.

” സ്‌കൂള്‍ ജീവനക്കാരുടെ മാഡം വര്‍ക്കി “

രാജകുടുംബാംഗങ്ങള്‍ക്ക് ഉള്‍പ്പടെ, യുഎഇ സ്വദേശി പ്രമുഖര്‍ക്ക് ഇംഗ്ലീഷിലെ ആദ്യാക്ഷരം കുറിച്ചുകൊടുത്തത് മറിയാമ്മ ആയിരുന്നു. മിഡിലീസ്റ്റ് ബ്രിട്ടീഷ് ബാങ്കില്‍ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന ഇവരുടെ ഭര്‍ത്താവ് കെ.എസ്. വര്‍ക്കിയും ഇംഗ്‌ളീഷ് ഭാഷാ പഠനത്തിന് ചുക്കാന്‍ പിടിച്ചു. സ്‌കൂള്‍ ജീവനക്കാര്‍ക്കിടയില്‍ മാഡം വര്‍ക്കിയെന്നും, മറ്റുള്ളവര്‍ക്ക് അമ്മച്ചിയുമായിരുന്നു മറിയമ്മ വര്‍ക്കി.

1959ല്‍ ദുബായിലെത്തിയ പ്രവാസി മലയാളി കുടുംബം

1959ല്‍ ദുബായിലെത്തിയതാണ് മറിയാമ്മയും കുടുംബവും. ഗള്‍ഫിലെ ആദ്യത്തെ സ്വകാര്യ വിദ്യാലയമായ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂള്‍ , 1968 -ല്‍ ദുബായില്‍ സ്ഥാപിച്ചു. തുടര്‍ന്ന്, ഗള്‍ഫിലെങ്ങും നിരവധി വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അടിത്തറ പാകി. 53 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആയിരകണക്കിന് അധ്യാപകരും പതിനായിരകണക്കിന് വിദ്യാര്‍ഥികളുമുള്ള വിദ്യാഭ്യാസ ഗ്രൂപ്പായി ജെംസ് മാറി.

മറിയാമ്മ എന്ന വിദ്യാഭ്യാസ ‘ജെംസ്’

2016ല്‍ ജെംസിലെ മികച്ച അധ്യാപിക എന്ന നിലയ്ക്ക് ഇവരെ ലോകം ആദരിച്ചു. നിരവധി വിദ്യാഭ്യാസ-ജീവകാരുണ്യ രാജ്യാന്തര അവാര്‍ഡുകള്‍ ജെംസ് ഗ്രൂപ്പിന് ഉറപ്പാക്കിയതിന് പിന്നിലും ഇവരുടെ കഠിനാധ്വാനവും ദീര്‍ഘവീക്ഷണവും വലുതായിരുന്നു. മകന്‍ സണ്ണി വര്‍ക്കി ജയ്ഹിന്ദ് ടി വി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. സാമൂഹ്യ-സാംസ്‌കാരി-വ്യവസായ- അറബ് രാജകുടുംബത്തെ പ്രമുഖര്‍ നിര്യാണത്തില്‍ അനുശോചിച്ചു.