‘ജയം വിനയത്തോടെ സ്വീകരിക്കുന്നു’: ശബരിമല കൊള്ളയില്‍ കപ്പിത്താന്മാര്‍ ഇപ്പോഴും പിടിക്കപ്പെടാന്‍ ബാക്കി: സണ്ണി ജോസഫ്

Jaihind News Bureau
Sunday, December 14, 2025

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യു.ഡി.എഫിന് നല്‍കിയ വിജയം വിനയത്തോടെ സ്വീകരിക്കുന്നുവെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ. പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ജനങ്ങള്‍ സമ്മാനിച്ചത്. എല്ലാവരുടെയും കൂട്ടായ്മയിലാണ് ഈ വിജയം നേടാന്‍ കഴിഞ്ഞതെന്നും, യു.ഡി.എഫ്. പ്രതിനിധികള്‍ ജനങ്ങളുടെ ദാസന്മാരായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

സര്‍ക്കാരിന്റെ ഭരണസംവിധാനങ്ങളെ തിരഞ്ഞെടുപ്പിനു വേണ്ടി ദുരുപയോഗം ചെയ്ത കാലഘട്ടമാണിതെന്ന് അദ്ദേഹം വിമര്‍ശിച്ചു. വാര്‍ഡുകളെ വികൃതമാക്കി വെട്ടിമുറിക്കുക പോലും ചെയ്തു. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ യു.ഡി.എഫ്. തുറന്നുകാട്ടി. ശബരിമലയിലെ സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ശബരിമലയില്‍ നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മോഷണവും തീവെട്ടിക്കൊള്ളയുമാണെന്നും കള്ളന്മാര്‍ കപ്പലില്‍ തന്നെ എന്ന് തങ്ങള്‍ ആദ്യമേ പറഞ്ഞെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറേ പേരെ പിടിച്ചെങ്കിലും കപ്പിത്താന്മാര്‍ ഇനിയും പിടിക്കപ്പെടാന്‍ ബാക്കിയാണ്. ഈ കൊള്ള നടത്തിയ നേതാക്കള്‍ക്കെതിരെ സി.പി.എം. യാതൊരു നടപടിയുമെടുക്കുകയോ ശാസിക്കുകയോ ചെയ്തിട്ടില്ല, പകരം പ്രതികളെ പൊതിഞ്ഞ് സംരക്ഷിക്കുകയാണ്. സര്‍ക്കാരിന്റെ എല്ലാ കള്ളക്കളികളും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ചു. ഇതെല്ലാം ജനങ്ങള്‍ മനസ്സിലാക്കിയാണ് പ്രതീക്ഷിച്ചതിലും വലിയ വിജയം തങ്ങള്‍ക്ക് നല്‍കിയതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്തെ ബി.ജെ.പി. വിജയത്തെ കോണ്‍ഗ്രസ് ഗൗരവത്തോടെ കാണുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കെ. മുരളീധരന്‍ ചുമതലയേറ്റ് നടത്തിയ നല്ല പ്രചാരണത്തിന്റെ ഫലമായി ശബരീനാഥിനെ പോലെ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി. കോണ്‍ഗ്രസിന് തിരുവനന്തപുരത്ത് മുന്‍പ് ഉണ്ടായിരുന്ന 10 വാര്‍ഡുകള്‍ 19 ആയി വര്‍ധിപ്പിച്ചു. അതേസമയം, സി.പി.എമ്മിന്റെ സീറ്റുകള്‍ നഷ്ടപ്പെട്ടു. സി.പി.എം. ഉണ്ടാക്കിയെടുത്ത വര്‍ഗീയ വിഭജനത്തിന്റെ സാഹചര്യം ബി.ജെ.പി. ഉപയോഗപ്പെടുത്തിയതിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. സി.പി.എം. പരാജയത്തോടെ കണ്ണൂരില്‍ ഉള്‍പ്പെടെ വലിയതോതിലുള്ള അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.