
പാലക്കാട്: പട്ടാമ്പി നഗരസഭ വൈസ് ചെയര്‍മാന്‍ ടി.പി. ഷാജിയും 200 ഓളം പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് ഷാജിക്ക് അംഗത്വം നല്‍കി. എല്‍.ഡി.എഫിലുണ്ടായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് ഷാജിയുടെ കോണ്‍ഗ്രസിലേക്കുള്ള മടക്കം. കെപിസിസി മുന്‍ അംഗമായ ടി.പി. ഷാജി കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പോടെയാണ് പുതിയ പാര്‍ട്ടിയായ ‘വീ ഫോര്‍ പട്ടാമ്പി’ രൂപവത്കരിച്ച് മത്സരരംഗത്തെത്തിയത്. ടി.പി. ഷാജി വൈസ് ചെയര്‍മാന്‍ സ്ഥാനവും അംഗത്വവും രാജിവെച്ചു.
വി ഫോര്‍ പട്ടാമ്പിയുടെ കടന്നുവരവ് 2020ല്‍ യു.ഡി.എഫിന് പട്ടാമ്പി നഗരസഭ ഭരണം നഷ്ടമാകുന്നതിന് കാരണമായി. 2015ല്‍ 28ല്‍ 19 സീറ്റും നേടി യു.ഡി.എഫ് ഭരിച്ചിരുന്നിടത്ത്, 2020ല്‍ എല്‍.ഡി.എഫിന് 3ല്‍ നിന്ന് 11 സീറ്റുകളിലേക്ക് ഉയരാന്‍ കഴിഞ്ഞു. വി ഫോര്‍ പട്ടാമ്പി എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഷാജി നഗരസഭാ വൈസ് ചെയര്‍മാനായി.
ഷാജിയുടെ തിരിച്ചുവരവ് നഗരസഭയില്‍ വലിയ വിജയം നേടാന്‍ കോണ്‍ഗ്രസിനെ സഹായിക്കുമെന്നാണ് പ്രതീക്ഷ. ടി.പി. ഷാജിയുടെ വരവോടെ യു.ഡി.എഫിന് വലിയ കരുത്ത് ലഭിക്കുമെന്നും, പട്ടാമ്പി നഗരസഭ ഇക്കുറി യു.ഡി.എഫ് തിരിച്ചുപിടിക്കുമെന്നും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ഷാജി കരുത്തനായ നേതാവാണെന്നും കോണ്‍ഗ്രസിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് അദ്ദേഹം തിരിച്ചെത്തുകയാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. പാലക്കാട് നിന്ന് വലിയ രാഷ്ട്രീയ അടിയൊഴുക്കുകള്‍ യു.ഡി.എഫിലേക്ക് ഉണ്ടാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഇത് തന്റെ തറവാട്ടിലേക്കുള്ള മടങ്ങിവരവാണെന്ന് ടി.പി. ഷാജി പ്രതികരിച്ചു. നഷ്ടപ്പെട്ട പട്ടാമ്പി നഗരസഭയും പട്ടാമ്പി നിയമസഭയും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.