
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് വിലയ്ക്ക് വാങ്ങിയ ഭൂമിക്ക് പുറത്തുള്ള വഴിയിൽ കുടിൽകെട്ടി ഡി.വൈ.എഫ്.ഐ നടത്തുന്ന സമരം ശുദ്ധ ഗുണ്ടായിസമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ ആരോപിച്ചു. ദുരന്തബാധിതരുടെ ഗതികേടിനെ പോലും രാഷ്ട്രീയ മുതലെടുപ്പിനായി സി.പി.എം ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളെ സഹായിക്കാൻ തയ്യാറാകാത്തവർ മറ്റുള്ളവർ ചെയ്യുന്ന കാരുണ്യപ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ നോക്കുന്നത് ജനാധിപത്യത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ വലിയ ആഘോഷത്തോടെ ഉദ്ഘാടനം ചെയ്ത ടൗൺഷിപ്പ് പദ്ധതി ഒരു മാസം പിന്നിട്ടിട്ടും പൂർത്തിയാകാത്തത് അധികൃതരുടെ അനാസ്ഥയ്ക്ക് തെളിവാണ്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടത്തിയ വെറും പി.ആർ എക്സൈസ് മാത്രമായിരുന്നു ആ ഉദ്ഘാടനം. കൈമാറിയ വീടുകൾ പോലും താമസയോഗ്യമല്ലെന്നും നിർമ്മാണം എപ്പോൾ പൂർത്തിയാകുമെന്ന് വ്യക്തമല്ലെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. ആത്മാർത്ഥതയുണ്ടെങ്കിൽ ഡി.വൈ.എഫ്.ഐ സമരം ചെയ്യേണ്ടത് പണിതീരാത്ത ഈ സർക്കാർ ടൗൺഷിപ്പിന് മുന്നിലാണെന്നും അദ്ദേഹം പരിഹസിച്ചു.
സർക്കാർ ലിസ്റ്റിൽ ഉൾപ്പെടാത്ത അർഹരായ ദുരന്തബാധിതർക്ക് വേണ്ടിയാണ് കോൺഗ്രസ് ഭവനപദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ ഈ പദ്ധതി മുടക്കാൻ സർക്കാർ തുടക്കം മുതൽ ശ്രമിച്ചു. ഭൂമി ഏറ്റെടുക്കൽ വൈകിച്ചതിലൂടെ സർക്കാരിന്റെ വികലമായ നയങ്ങളാണ് പുറത്തുവന്നത്. ജനങ്ങളോട് ഉത്തരവാദിത്തമുള്ള പ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായ ആത്മാർത്ഥതയോടെ പാലിക്കുമെന്നും സി.പി.എമ്മിന്റെ ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.