വടകരയില്‍ ഭിന്നശേഷി കുട്ടികളുടെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിയുടെ വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സിപിഎം ഗുണ്ടകളുടെ കാടത്തം നിറഞ്ഞ നടപടിയില്‍ കെപിസിസി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
ലോക്സഭയിലേക്ക് വടകരയില്‍ നിന്ന് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച ഷാഫി പറമ്പില്‍ എംപിക്ക് നേരെ സിപിഎം ക്രിമിനല്‍ സംഘം നടത്തിയ അക്രമം ജനാധിപത്യത്തിന്റെയും പൗരാവകാശത്തിന്റെയും നഗ്‌നമായ ലംഘനമാണ്. ജനപ്രതിനിധിക്ക് നേരെ സിപിഎം ക്രിമിനലുകള്‍ കയ്യേറ്റം നടത്തുമ്പോള്‍ പോലീസ് നോക്കിനിന്നു. പ്രതികളെ തടയാനോ അറസ്റ്റ് ചെയ്യാനോ തയ്യാറായില്ലെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
ഷാഫി പറമ്പിലിനോട് സിപിഎമ്മിന് കടുത്ത വിരോധമുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വിജയ പ്രതീക്ഷയുണ്ടായിരുന്ന വടകരയില്‍ ജനപിന്തുണയുണ്ടെന്ന് അവര്‍ അവകാശപ്പെട്ട കെകെ ശൈലജ ടീച്ചറെ വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയതാണ് അതിന് കാരണം.അന്ന് കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് ഉള്‍പ്പെടെയുള്ള വ്യാജപ്രചരണം നടത്തി ഷാഫി പറമ്പിലിനെ പരാജയപ്പെടുത്താന്‍ സിപിഎം ശ്രമിച്ചിരുന്നു. അത്തരം നുണ പ്രചരണങ്ങളെയെല്ലാം പരാജയപ്പെടുത്തിയാണ് ജനകീയ കോടതിയില്‍ വലിയ ഭൂരിപക്ഷത്തില്‍ ഷാഫി പറമ്പില്‍ വിജയിച്ചത്. ജനപ്രതിനിധി, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ കേരള ജനതയുടെ അംഗീകാരവും പ്രശംസയും നേടിയ വ്യക്തിയാണ് ഷാഫി പറമ്പില്‍. അദ്ദേഹത്തെ ആക്രമിക്കാനും അധിക്ഷേപിക്കാനും സിപിഎം ശ്രമിച്ചത് തീക്കൊള്ളികൊണ്ട് തലചൊറിയുന്നതാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളെയും ജനപ്രതിനിധികളെയും ഭീഷണപ്പെടുത്തി അവരുടെ പ്രവര്‍ത്തനങ്ങളെ തടയാമെന്ന് കരുതുന്നുണ്ടെങ്കില്‍ സിപിഎമ്മിന് തെറ്റി. സിപിഎം ഗുണ്ടാ സംഘത്തിന്റെ അക്രമത്തെ ഷാഫി പറമ്പില്‍ തന്റേടത്തോടെയാണ് നേരിട്ടത്.അക്രമം നടത്തി ക്രിമിനലുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയും അവരെ ഇത്തരം പ്രവൃത്തികളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും തയ്യാറാകണം.
പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്ക് അക്രമം നടത്തിയ മാര്‍ക്സിസ്റ്റ് ഗുണ്ടകളെ നിയന്ത്രിക്കാന്‍ സിപിഎമ്മും സര്‍ക്കാരും തയ്യാറാകേണ്ടതായിരുന്നു. അതിന് അവര്‍ തയ്യാറായില്ല. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസ് കൈയ്യും കെട്ടിയിരിക്കില്ലെന്നും സണ്ണി ജോസഫ് മുന്നറിയിപ്പ് നല്‍കി.
കോണ്‍ഗ്രസിനെ ഉപദ്ദേശിക്കാന്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനും എന്തുയോഗ്യതയാണുള്ളത്. മന്ത്രിസഭയിലും സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയിലും എത്ര സ്ത്രീപീഡകരുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരായ നടപടി എന്തായിരുന്നുവെന്ന് മറന്നുപോയോ? കോണ്‍ഗ്രസ് നേതാക്കളെ വഴിയില്‍ തടയാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും പരിപാടിയുണ്ടെങ്കില്‍ അത് പരസ്യമായി പറയട്ടെയെന്നും സണ്ണി ജോസഫ് വെല്ലുവിളിച്ചു.സ്ത്രീപീഡന ആരോപണം നേരിടുന്ന എം.മുകേഷ് എംഎല്‍എക്ക് കഴിഞ്ഞ ലോക്സഭാ സീറ്റില്‍ മത്സരിക്കാന്‍ അവസരം നല്‍കി സിപിഎം അദ്ദേഹത്തിന് പ്രമോഷനാണ് നല്‍കിയതെന്നും സണ്ണി ജോസഫ് പരിഹസിച്ചു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.