
കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം സംസ്ഥാനത്തിന് പൂര്‍ണ്ണ നിരാശയാണ് നല്‍കിയതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കോണ്‍ഗ്രസിനെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അവഹേളിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്നും, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്ന ഭയമാണ് ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നിലെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിജെപിയുടെയും സിപിഎമ്മിന്റെയും മുഖ്യ ശത്രു കോണ്‍ഗ്രസാണെന്ന് സണ്ണി ജോസഫ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഇരുകൂട്ടരും ‘ഒക്കച്ചങ്ങായിമാര്‍’ ആണെന്ന് അദ്ദേഹം പരിഹസിച്ചു. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ ഇരു പാര്‍ട്ടികളും ചേര്‍ന്ന് നടത്തുന്ന നീക്കങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പയ്യന്നൂരിലെ സി.പി.എം ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് വി. കുഞ്ഞികൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. ‘വി. കുഞ്ഞികൃഷ്ണന്റെ തുറന്നുപറച്ചിലില്‍ സര്‍ക്കാര്‍ കേസെടുത്ത് സമഗ്രാന്വേഷണം നടത്തണം. പാര്‍ട്ടിക്കുള്ളിലെ ഫണ്ട് വെട്ടിപ്പ് ഒതുക്കിത്തീര്‍ക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറിയുടെ വിശദീകരണം ഒട്ടും തൃപ്തികരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് പ്രതികളെ സഹായിക്കാനാണെന്ന് സണ്ണി ജോസഫ് ആരോപിച്ചു. പ്രതികള്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്നതിന് വേണ്ടിയാണ് പോലീസ് മനഃപൂര്‍വ്വം കുറ്റപത്രം വൈകിപ്പിക്കുന്നത്. ശബരിമലയുടെ പേരില്‍ ഭക്തി പറയുന്നവര്‍ തന്നെ സ്വര്‍ണ്ണക്കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.