SUNNY JOSEPH MLA| ‘നിരവധി വാസുമാര്‍ ഇനിയും ഒളിച്ചിരിപ്പുണ്ട്’; തിരഞ്ഞെടുപ്പിന്‍റെ മറവില്‍ രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Wednesday, November 12, 2025

നിരവധി വാസുമാര്‍ ഇനിയും ജയിലില്‍ പോകേണ്ടതുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. കള്ളന്മാര്‍ കപ്പലില്‍ തന്നെയെന്ന് കോണ്‍ഗ്രസ് ആദ്യമേ പറഞ്ഞതാണ്. കപ്പലില്‍ നിന്നു കള്ളന്മാരേ ഒന്നൊന്നായി പിടിക്കുകയാണ്. ഭരണ നേതൃത്വത്തിന്റെ പങ്കാളിത്തം കൊള്ളയ്ക്കു പിന്നിലുണ്ടെന്നും സര്‍ക്കാര്‍ കള്ളന്മാര്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുഴുവന്‍ കുറ്റവാളികളുടെ അറസ്റ്റും ദേവസ്വം മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ ധര്‍ണ്ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കള്ളന്മാര്‍ക്ക് കഞ്ഞിവെക്കുന്ന സര്‍ക്കാര്‍ ആണ് കേരളത്തില്‍ ഭരിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോഴും പ്രതികളെ സംരക്ഷിക്കുന്നു. തിരഞ്ഞെടുപ്പിന്റെ മറവില്‍ രക്ഷപ്പെടാം എന്ന് സര്‍ക്കാര്‍ വിചാരിക്കരുതെന്നും ജനകീയ കോടതിയില്‍ ജനങ്ങള്‍ സര്‍ക്കാരിനെ വിചാരണ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തെ ലഘൂകരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചപ്പോള്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടലാണ് കേസില്‍ വഴിത്തിരിവായത്. കെപിസിസി ആഹ്വാനം ചെയ്ത മാര്‍ച്ച് ആശാന്‍ സ്‌ക്വയറില്‍ നിന്നാണ് ആരംഭിച്ചത്.  തുടര്‍ന്ന് നടന്ന ധര്‍ണ്ണ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍,എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍,കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,കെപിസിസി ഭാരവാഹികള്‍, എംപിമാര്‍,എംഎല്‍എമാര്‍ തുടങ്ങിയവര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു.