കേരള കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല; മുന്നണി വിപുലീകരണം യുഡിഎഫ് ആലോചിച്ച് തീരുമാനിക്കും: സണ്ണി ജോസഫ്

Jaihind News Bureau
Wednesday, January 14, 2026

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ നിലപാട് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റി 16-ന് ചേരുന്നു എന്ന വാര്‍ത്ത പത്രങ്ങളിലൂടെയാണ് അറിഞ്ഞതെന്നും, മുന്നണി മാറ്റത്തെക്കുറിച്ച് അവര്‍ ഇതുവരെ താല്‍പ്പര്യം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസുമായി കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ഔദ്യോഗികമായോ അനൗദ്യോഗികമായോ ഉള്ള യാതൊരു ആശയവിനിമയവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ആരെയും ബന്ധപ്പെട്ടിട്ടില്ല. മറ്റ് ഘടകകക്ഷി നേതാക്കള്‍ ആരെങ്കിലും ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ അറിവില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. യുഡിഎഫിന്റെ ജനകീയ അടിത്തറ വികസിച്ചുകൊണ്ടിരിക്കുകയാണ്. ഐഷ പോറ്റിയെപ്പോലെ കൂടുതല്‍ ആളുകള്‍ മുന്നണിയിലേക്ക് വരുന്നത് ഇതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഡിഎഫിന്റെ വിജയത്തിന് കേരള കോണ്‍ഗ്രസ് അനിവാര്യമാണോ എന്ന ചോദ്യത്തിന്, മുന്നണി വിപുലീകരണത്തെക്കുറിച്ച് യുഡിഎഫ് യോഗം ചേര്‍ന്ന് കൃത്യമായ ആലോചനകള്‍ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.