ന്യൂഡല്‍ഹി: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) പുതിയ അധ്യക്ഷനായി മുതിര്‍ന്ന നേതാവ് സണ്ണി ജോസഫിനെ നിയമിച്ചു. നിലവിലെ അധ്യക്ഷന്‍ കെ. സുധാകരനില്‍ നിന്ന് അദ്ദേഹം ചുമതല ഏറ്റെടുക്കും. കെ. സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും. അടൂര്‍ പ്രകാശിനെ യുഡിഎഫ് കണ്‍വീനറായി നിയമിച്ചു. പിസി വിഷ്ണുനാഥ്, എപി അനില്‍കുമാര്‍ , ഷാഫി പറമ്പില്‍ എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചു. കെ സുധാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയില്‍ സ്ഥിരം ക്ഷണിതാവാക്കി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഇതു സംബന്ധിച്ച വാര്‍ത്താകുറിപ്പ് പുറത്തിറക്കി
2011 മുതല്‍ പേരാവൂരില്‍ നിന്നുള്ള എം എല്‍ എ ആണ് സണ്ണി ജോസഫ്. കണ്ണൂര്‍ ഡി സിസി അദ്ധ്യക്ഷ സ്ഥാനമുള്‍പ്പെടെ പാര്‍ട്ടിയില്‍ വിവിധ സുപ്രധാന പദവികള്‍ വഹിച്ചിട്ടുള്ള സണ്ണി ജോസഫ്, മികച്ച സാമാജികനും സൗമ്യമായ പെരുമാറ്റത്തിന് ഉടമയുമാണ്
ചിട്ടയായുള്ള സംഘടനാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ശ്രദ്ധേയ വ്യക്തിത്വമാണ് അഡ്വ. സണ്ണി ജോസഫ്. തൊടുപുഴയില്‍ നിന്ന് കണ്ണൂരിലേയ്ക്കു കുടിയേറിയ കുടുംബത്തിലെ അംഗമാണ് സണ്ണി ജോസഫ്. കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കറ്റ് അംഗം, ഉളിക്കല്‍ സര്‍വീസ് സഹകരണബാങ്ക്, തലശ്ശേരി കാര്‍ഷിക വികസന ബാങ്ക്, മട്ടന്നൂര്‍ ബാര്‍ അസോസിയേഷന്‍, ഇരിട്ടി എജ്യുക്കേഷന്‍ സൊസൈറ്റി എന്നിവയുടെ പ്രസിഡന്റ് എന്ന നിലകളിലും പ്രശസ്തനാണ്. കണ്ണൂര്‍ ഡിസിസി പ്രസിഡനന്റായി ആറു വര്‍ഷം പ്രവര്‍ത്തിച്ച ശേഷം 2011ല്‍ കന്നി മത്സരത്തില്‍ തന്നെ നിയമസഭയിലേയ്ക്കു ജയിച്ചുകയറി.