
തദ്ദേശ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസും യുഡിഎഫും പൂര്‍ണമായി ഒരുങ്ങിയെന്നും തികഞ്ഞ വിജയപ്രതിക്ഷയുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും ഭരണത്തില്‍ എത്താന്‍ യുഡിഎഫിന് സാധിക്കും. മഹാഭൂരിപക്ഷം വാര്‍ഡുകളിലും വിജയിക്കാന്‍ സാധിക്കും. സര്‍ക്കാര്‍ പരാജയം മുന്നില്‍ കണ്ടാണ് വാര്‍ഡ് വിഭജനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ഡ് വിഭജനങ്ങള്‍ അശാസ്ത്രീയമായിരുന്നു. പ്രതിപക്ഷത്തിനെ കേട്ടില്ല. പരാതികളിന്മേല്‍ നടത്തിയ ഹിയറിങ് പ്രഹസനം മാത്രമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ പക്ഷപാതപരമായിട്ടാണ് പെരുമാറിയത്. ചെരുപ്പിനനുസരിച്ച് കാല് മുറിക്കുന്ന രീതിയിലാണ് വാര്‍ഡ് വിഭജനം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതികള്‍ ഹൈക്കോടതിയില്‍ നില്‍ക്കുകയാണ്. വിധിയെ കാത്തുനില്‍ക്കുകയാണ്. വോട്ടര്‍പട്ടിക രൂപീകരണത്തിലും അപാകത ഉണ്ടായിട്ടുണ്ട്. എങ്കിലും യുഡിഎഫ് വലിയ പ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച് കഴുത്തു ഞെരിക്കാന്‍ ശ്രമിച്ചു. സര്‍ക്കാരിനെതിരെയും, തദ്ദേശസ്ഥാപനങ്ങള്‍ക്കെതിരായ കുറ്റപത്രങ്ങളും തയ്യാറാക്കി ജനങ്ങളുടെ മുന്നില്‍ വികസനരേഖകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സാമാന്യം നല്ല രീതിയില്‍ സീറ്റ് വിഭജനം പുരോഗമിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് മേല്‍ കൈ നേടി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന്റെ അടിത്തറ വിജയസാധ്യതയെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഐക്യത്തോടെയും കെട്ടുറപ്പോടെയും യുഡിഎഫ് മുന്നോട്ടുപോകും. സര്‍ക്കാരിന്റെ കടുകാര്യസ്ഥത വ്യക്തമാണ്. അവസാന നാളുകളില്‍ സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പ് പരാജയം മുന്നില്‍കണ്ട്. അതില്‍ ആത്മാര്‍ത്ഥതയുടെ കണിക പോലുമില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. കോണ്‍ക്ലേവുകളും വികസനത്തിന്റെ പേരില്‍ നടത്തുന്ന പ്രഹസനങ്ങളും ജനങ്ങള്‍ തിരിച്ചറിയും. 2030 ലെ വികസന ടാര്‍ഗറ്റ് വയ്ക്കാന്‍ ഈ സര്‍ക്കാരിന് എന്ത് അധികാരമെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയിലെ പ്രതികളെ രക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാരിന്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത് പ്രാഗല്‍ഭ്യം മുന്‍നിര്‍ത്തിയാണെന്നും പൊതുസമ്മതരെ മത്സരിപ്പിക്കുന്നത് നല്ല കാര്യമാണെന്നും ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.