Sunny Joseph | തട്ടിക്കൂട്ട് സമ്മേളനങ്ങള്‍ ഭരണ പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍: സണ്ണി ജോസഫ്

Jaihind News Bureau
Friday, September 12, 2025

പോലീസ് നടത്തുന്ന ക്രൂരമര്‍ദ്ദനങ്ങളും ഭരണപരാജയങ്ങളും ജനദ്രോഹ നയങ്ങളും ഉയര്‍ത്തി കാട്ടിയുള്ള പ്രതിപക്ഷ ആക്ഷേപങ്ങളില്‍ സര്‍ക്കാരിന് ഉത്തരം മുട്ടിയെന്നും അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തട്ടിക്കൂട്ട് സമ്മേളനങ്ങള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.കുറ്റപ്പെടുത്തി.

എംഎല്‍എ എന്ന നിലയില്‍ രാഹുല്‍ മാങ്കൂട്ടത്തിന് സഭയില്‍ പങ്കെടുക്കുന്നതിന് ഒരു അയോഗ്യതയുമില്ല. തീരുമാനം അദ്ദേഹത്തിന്റേതാണ്. സംരക്ഷണം നല്‍കേണ്ടത് സ്പീക്കറാണ്. രാഹുല്‍ മാങ്കൂട്ടത്തിനെതിരായ അച്ചടക്കനടപടി പാര്‍ട്ടി നേതൃത്വം യോജിച്ചെടുത്തതാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട 25 ഓളം നേതാക്കളുമായി താനും പ്രതിപക്ഷ നേതാവും ആശയ വിനിമയം നടത്തിയ ശേഷമാണ് അത്തരമൊരു തീരുമാനമെടുത്തത്. ആ തീരുമാനത്തെ കോണ്‍ഗ്രസിന്റെ ഒരു ഘടകവും ചോദ്യം ചെയ്തിട്ടില്ല. ആരും ആക്ഷേപവും ഉന്നയിച്ചിട്ടില്ല. ആരുടെയും പൂര്‍ണ്ണ നിയന്ത്രണത്തില്‍ അല്ലാത്ത സാമൂഹ്യ മാധ്യമങ്ങള്‍ അത്തരത്തിലുള്ള തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ത്തി കാട്ടേണ്ടതെന്നാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരോട് പറയാനുള്ളത്. അതല്ലാതെ ചേരിതിരിവുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ എതിര്‍പക്ഷത്തിന്റെ ശ്രമങ്ങളില്‍ പെട്ടു പോയിട്ടുണ്ടെങ്കില്‍ അവരത് തിരുത്തണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.