
മുഖ്യമന്ത്രി സഭയില്‍ നടത്തിയ അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം ജീവല്‍പ്രയാസം അനുഭവിക്കുന്നവരോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. അതിദരിദ്രരുടെ അവകാശം സര്‍ക്കാര്‍ നിഷേധിക്കുകയാണ്. അന്യഭാഷാ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ അതിദരിദ്ര്യമുക്ത കേരളം എന്ന പരസ്യത്തിന് സര്‍ക്കാര്‍ പത്തുകോടി രൂപയാണ് ചെലവാക്കിയത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള അവസരമായിട്ടാണ് സര്‍ക്കാര്‍ ഇതിനെ ഉപയോഗിച്ചത്. കെപിസിസി ഭാരവാഹികളുടേയും ഡിസിസി പ്രസിഡന്റുമാരുടേയും യോഗത്തിന് ശേഷം കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് വയോധികയായ വീട്ടമ്മ ഭഷണം കിട്ടാതെ പട്ടിണികിടന്ന് മരിച്ച സംഭവം ചൂണ്ടിക്കാട്ടി, ഈ സര്‍ക്കാര്‍ ആരുടെ പട്ടിണിയാണ് മാറ്റിയതെന്ന് സണ്ണി ജോസഫ് ചോദിച്ചു. ആശ്രയപദ്ധതിയിലുള്ള ഒന്നര ലക്ഷം കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തി അതിദരിദ്രരായ 4.5 ലക്ഷം പേരുണ്ടെന്നാണ് എല്‍ഡിഎഫിന്റെ പ്രകടന പത്രിക. നിയമസഭയില്‍ ഭരണകക്ഷി അംഗത്തിന്റെ ചോദ്യത്തിന് മന്ത്രി ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. കേരളത്തില്‍ ആകെ 64000 പേര്‍മാത്രമാണ് അതിദരിദ്ര്യമുള്ളവരെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ ചൂണ്ടിക്കാട്ടിയ ബാക്കിയുള്ള ഇത്രയും ആളുകളെ അര്‍ഹതയില്ലാത്തവരായി ഇടതുസര്‍ക്കാര്‍ തന്നെ ചിത്രീകരിക്കുകയാണ്.
സെന്‍സസ് പ്രകാരം 1.16 ലക്ഷം ആദിവാസി കുടുംബങ്ങളിലായി 4.85 ലക്ഷം ആദിവാസികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെന്നിരിക്കെ സര്‍ക്കാര്‍ കണക്ക് പ്രകാരം 6400 അതിദരിദ്ര ആദിവാസി കുടുംബങ്ങള്‍ ഉള്ളുവെന്നാണ് പറയുന്നത്. തലചായ്ക്കാന്‍ വിടില്ലാത്ത, ഭൂരഹിതരും കഴിക്കാന്‍ ഭഷണവുമില്ലാത്ത നിരവധി പേരുണ്ട്. നിലമ്പൂരില്‍ ചോലനായ്ക്കര്‍ ആദിവാസി കുടുംബങ്ങളുണ്ട്. ഗതാഗത സൗകര്യം ഇല്ലാത്തതിനാല്‍ ചികിത്സയ്ക്കായി ആശുപത്രിയിലെത്താന്‍ കഴിയാതെ ഒരു കുട്ടി അമ്മയുടെ തോളില്‍ കിടന്ന് മരിച്ച സംഭവം കഴിഞ്ഞ ദിവസം വാര്‍ത്തയായി വന്നു. ലൈഫ് മിഷനില്‍ വീടിന് അര്‍ഹതയുള്ളവര്‍ ഇപ്പോഴും ആനുകൂല്യം കിട്ടാത്തവരുണ്ട്. അതിന്റെ കണക്ക് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇവരെയെല്ലാം അവഗണിച്ചാണ് ഈ പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയത്. ഇത് പ്രചരണത്തിന് വേണ്ടിയുള്ള വാചക കസര്‍ത്ത് മാത്രമാണ്.
ക്ഷേമപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ മറ്റു പ്രഖ്യാപനങ്ങളും തട്ടിപ്പാണ്.സര്‍ക്കാരിന്റെ കാപട്യം ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നടപ്പാക്കന്‍ സഹകരണ സംഘങ്ങളെ ദ്രോഹിക്കുകയാണ്. സംഘങ്ങളുടെ കരുതല്‍ ധനം വായ്പായായി എടുത്ത് അവയുടെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തുകയാണ്. ക്ഷേമപെന്‍ഷന്‍ 2500 രൂപയും റബറിന്റെ താങ്ങുവില 250 രൂപയും ആക്കുമെന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയവരാണിവര്‍. നാലരക്കൊല്ലം കിട്ടിയിട്ടും ഈ വാക്കുപാലിക്കാന്‍ ഒന്നും ചെയ്തില്ല. തിരഞ്ഞെടുപ്പിലെ പരാജയഭീതിയെ അതിജീവിക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗം മാത്രമാണ് മുഖ്യമന്ത്രിയുടെ തട്ടിപ്പ് പ്രഖ്യാപനങ്ങള്‍.ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ഇവ മുന്‍കാല പ്രാബല്യത്തോടെ നല്‍കാന്‍ തയ്യാറാകണം. അംശാദായം അടച്ച നിര്‍മ്മാണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള വിവിധ ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷന്‍ കുടിശിക സര്‍ക്കാര്‍ നല്‍കിയിട്ടില്ല.മകനെതിരെയുള്ള ഇഡി നോട്ടീസും മകള്‍ക്കെതിരായ സാമ്പത്തിക ക്രമക്കേടും മറച്ചുവെച്ചാണ് പ്രതിപക്ഷത്തെ തട്ടിപ്പുകാരെന്ന് മുഖ്യമന്ത്രി ആക്ഷേപിക്കുന്നതെന്നും സണ്ണി ജോസഫ് പരിഹസിച്ചു.
ശബരിമല സ്വര്‍ണ്ണ മോഷണത്തില്‍ സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ്.ഈ മോഷണത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നിട്ടും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറാകുന്നില്ല. നഷ്ടപ്പെട്ട സ്വര്‍ണ്ണം കണ്ടെത്തി വീണ്ടെടുക്കാനും മോഷണം നടത്തിയ മുഴുവന്‍ പ്രതികളെ പിടികൂടാനും നടപടിയില്ല. പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ദേവസ്വം ബോര്‍ഡിന് കാലാവധി നീട്ടിക്കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് വിശ്വാസ സമൂഹത്തോടുള്ള ചതിയാണ്. ഇതിനെല്ലാമെതിരെ ശക്തമായ തുടര്‍സമരത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കെപിസിസി ഭാരവാഹികളുടേയും ഡിസിസി പ്രസിഡന്റുമാരുടേയും യോഗം തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയെന്നും സീറ്റ് വിഭജനം, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എന്നിവ വേഗത്തില്‍ നടത്താന്‍ യോഗത്തില്‍ ധാരണയായെന്നും സണ്ണി ജോസഫ് അറിയിച്ചു. യുഡിഎഫിന് മികച്ച വിജയസാധ്യതയാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെച്ച് രണ്ട് കോടിയോളം ചെലവാക്കി നടത്തുന്ന അതിദരിദ്ര്യ മുക്തകേരള പ്രഖ്യാപന ചടങ്ങിന് ചലിച്ചിത്രതാരങ്ങള്‍ കൂട്ടുനില്‍ക്കാന്‍ പാടില്ലായിരുന്നുവെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് പറഞ്ഞു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍ എംഎല്‍എ,പിസി വിഷ്ണുനാഥ് എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.