
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി ആർ.എൽ. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. കോളേജ് അധ്യാപകരിൽ നിന്ന് നിതിൻ നേരിട്ടത് കടുത്ത ജാതീയ അധിക്ഷേപവും മാനസിക പീഡനവുമാണെന്ന കുടുംബത്തിന്റെ ആരോപണം അതീവ ഗൗരവകരമാണ്. ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരിഷ്കൃത സമൂഹത്തിന് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തതുകൊണ്ട് മാത്രം നീതി നടപ്പിലാവില്ലെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. ഇത്തരം ദാരുണമായ സംഭവങ്ങൾ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ആവർത്തിക്കാതിരിക്കാൻ പോലീസിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് ശക്തമായ ഇടപെടൽ ഉണ്ടാവണം. നിതിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ കോൺഗ്രസ് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.