കോഴിക്കോട്: സംസ്ഥാനത്ത് തുടര്‍ച്ചയായി പാലങ്ങളും റോഡുകളും തകരുന്നതിലും സി.പി.എം പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങളിലും സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. സര്‍ക്കാരിന്റെ ഗുരുതരമായ അനാസ്ഥയാണ് ഈ വിഷയങ്ങളില്‍ കാണുന്നതെന്നും, ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് കോണ്‍ഗ്രസ് സമരമുഖത്തേക്കിറങ്ങുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
സംസ്ഥാനത്ത് പാലങ്ങളും റോഡുകളും തകരുന്നത് ആവര്‍ത്തിക്കുകയാണെന്നും, എന്നാല്‍ സര്‍ക്കാര്‍ ഇതിനെ നിസാരവല്‍ക്കരിക്കുകയാണെന്നും സണ്ണി ജോസഫ് ആരോപിച്ചു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഗുരുതരമായ അനാസ്ഥയാണ് കാണിക്കുന്നത്. തോരായിക്കടവ് പാലത്തിന്റെ പുനര്‍നിര്‍മ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീഴ്ചകള്‍ പരമ്പരകളായി ആവര്‍ത്തിക്കുന്നതിനാല്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും, സര്‍ക്കാരിന്റെ വീഴ്ച പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.എമ്മിലെ കത്ത് വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, പാര്‍ട്ടിക്ക് കൊടുക്കുന്ന കത്ത് അതിനകത്ത് നിന്ന് തന്നെ ചോരുന്നത് അസംബന്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ പാര്‍ട്ടി തന്നെ അന്വേഷണം നടത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. അജിത് കുമാര്‍ – പി. ശശി കേസില്‍ മുഖ്യമന്ത്രി ഇടപെട്ടു എന്നത് ഒരു രേഖയാണെന്നും, അജിത് കുമാര്‍ കോടികളുടെ അഴിമതി മുഖ്യമന്ത്രിയുടെ തണലില്‍ നടത്തിയെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. എന്നിട്ടും അത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. അഴിമതിയുടെ ചെളിയില്‍ പൂണ്ടുകിടക്കുകയാണ് സര്‍ക്കാരെന്നും അദ്ദേഹം വിമര്‍ശിച്ചു.
ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യത്തെക്കുറിച്ച് നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്നും, തിരഞ്ഞെടുപ്പ് സമയത്ത് ഇക്കാര്യം ആലോചിക്കാമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംഘടന ശക്തിപ്പെടുത്തുന്നതിലും വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ തടയുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോണ്‍ഗ്രസ് ഗൃഹസമ്പര്‍ക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും, എല്ലാ തലത്തിലും സംഘടനാ പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സമരമുഖത്തേക്കിറങ്ങുമെന്നും, പാര്‍ട്ടി പുനഃസംഘടന സമയമെടുത്ത് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.