വന്യജീവി ആക്രമണത്തില്‍ സിപിഎമ്മിന്റെ പ്രതിഷേധം തട്ടിപ്പാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. വന്യജീവി ആക്രമണത്തില്‍ ഒരു അലോചനയോഗം ചേരാന്‍ പോലും സര്‍ക്കാരിനാവുന്നില്ല. ആക്രമണങ്ങലെ നേരിടാനുള്ള പരിശ്രമങ്ങളില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും സണ്ണി ജോസഫ് കോഴിക്കോട്ടു പറഞ്ഞു. ഈ പ്രശ്‌നത്തില്‍ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തോട് ഭരണപക്ഷ എം.എല്‍.എ മാരും പങ്കുചേരുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.
കോന്നിയില്‍ ജനങ്ങളുടെ പ്രതിഷേധത്തിന് മുന്നില്‍ കയറി നില്‍ക്കേണ്ട അവസ്ഥയിലാണ് സി.പി.എം. വനം വകുപ്പിനെതിരെയുള്ള സി പി എമ്മിന്റെ പ്രതിഷേധം തട്ടിപ്പാണ് . വനം വകുപ്പിനെതിരെ ജനങ്ങളുടെ പ്രതിഷേധം അതി ശക്തമാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം. ഇക്കാര്യത്തില്‍ പ്രതിപക്ഷം നാല് തവണ അടിയന്തരപ്രമേയം കൊണ്ടുവന്നു.
ഒരു പ്രാവശ്യം പോലും സര്‍ക്കാര്‍ അത് ചര്‍ച്ചയ്ക്ക് എടുത്തില്ല. മുഖ്യമന്ത്രിയോട് യോഗം വിളിച്ചു ചേര്‍ക്കാന്‍ പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടു. ഒരു ആലോചനയോഗം പോലും വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല . ഭരണകക്ഷി എംഎല്‍എക്ക് പോലും പ്രതിഷേധവുമായി രംഗത്ത് വരേണ്ടി വരുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും സണ്ണി ജോസഫ് പറഞ്ഞു.
തികഞ്ഞ അലസതയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദുരന്തങ്ങളുടെ ഉത്തരവാദി സര്‍ക്കാരാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് നിയമപരമായ ഉത്തരവാദിത്വമുണ്ട്. എന്നാല്‍ ഭരണസംവിധാനം തികഞ്ഞ പരാജയമാണ്. പ്രതിപക്ഷം ശക്തമായ സമരപരിപാടികള്‍ ഉയര്‍ത്തും. പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രതിഷേധത്തോടൊപ്പം ചേരാന്‍ ഭരണകക്ഷി എംഎല്‍എമാര്‍ പോലും നിര്‍ബന്ധിതരാകുന്നു. ജനങ്ങളുടെ പ്രതിഷേധത്തിന്റെ മുന്‍പില്‍ കയറി നില്‍ക്കാനാണ് സിപിഐഎം ഇതിലൂടെ പരിശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കെപിസിസി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി കോഴിക്കോട് എത്തിയതായിരുന്നു അഡ്വ. സണ്ണി ജോസഫ് എംഎല്‍ എ. പുതിയതായി നിര്‍മ്മിച്ച ഡിസിസി ഓഫീസിലും അദ്ദേഹം എത്തി.