ആര്യനാട് പഞ്ചായത്തംഗം ശ്രീജയുടെ മരണം സിപിഎം സ്പോണ്‍സേര്‍ഡ് കൊലപാതകമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. വാക്കുകള്‍ കൊണ്ട് ആരെയും കൊലപ്പെടുത്തുന്ന സിപിഎം ശൈലിയാണ് ശ്രീജയുടെയും ജീവനെടുത്തത്. നവീന്‍ ബാബുവിന്റെ ദാരുണ മരണത്തിന് ശേഷവും കേരളത്തിലെ സിപിഎം നേതാക്കള്‍ മനുഷ്യജീവന് വിലകല്‍പ്പിക്കാനോ പാഠം പഠിക്കാനോ തയ്യാറാകുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ആര്യനാട് ആത്മഹത്യ ചെയ്ത പഞ്ചായത്തംഗം ശ്രീജയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
വലിയ ഭൂരിപക്ഷത്തില്‍ ജയിച്ച ശ്രീജ നല്ല ഒരു പഞ്ചായത്ത് അംഗവും പൊതുപ്രവര്‍ത്തകയുമായിരുന്നു. ആര്യനാട്ടെ സിപിഎം നേതൃത്വവും പഞ്ചായത്ത് പ്രസിഡന്റുമാണ് ശ്രീജക്കുണ്ടായിരുന്ന കടബാധ്യതകളെ പരസ്യമായി അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തത്.അതിലുള്ള മനോവിഷമമാണ് അവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. ശ്രീജയ്ക്ക് കടബാധ്യതകള്‍ ഉണ്ടെങ്കില്‍ അത് പിരിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം ഇവിടത്തെ പഞ്ചായത്ത് പ്രസിഡന്റിനും പഞ്ചായത്ത് മെമ്പര്മാര്ക്കുമുണ്ടോ? സിപിഎം ഏരിയ സെക്രട്ടറി ഈ വട്ടിപ്പണം പിരിക്കുന്ന പണി ഏറ്റെടുത്തിട്ടുണ്ടോ? ഇതില്‍ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
കടബാധ്യതകള്‍ സ്വാഭാവികമാണ്. സിപിഎം നേതാക്കന്മാര്ക്ക് ഒരുപക്ഷേ സാമ്പത്തിക ബാധ്യതകളെക്കാള്‍ സമ്പാദ്യമായിരിക്കും ഉണ്ടാവുക. അവര്‍ക്ക് സമ്പാദിക്കാനുള്ള വഴി ഭരണത്തിന്റെ തണലില്‍ അവര്‍ ഒരുക്കുന്നുണ്ട്. കടബാധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടി സ്വന്തം വീട് വില്‍ക്കാനാണ് ശ്രീജ ആലോചിച്ചത്. അപ്പോഴാണ് പോസ്റ്റര്‍ പതിച്ചും പൊതുയോഗം ചേര്‍ന്നും ക്രൂരമായി സിപിഎം ഏരിയാ സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റും ശ്രീജയെ അപമാനിച്ചത്. അധിക്ഷേപിച്ച് ശ്രീജയുടെ ജീവന് സിപിഎം അപഹരിച്ചതാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
ആത്മഹത്യയിലേക്ക് തള്ളിവിട്ടതിന് ഉത്തരവാദികളായവരുടെ പേരെടുത്തു പറഞ്ഞുകൊണ്ട് ശ്രീജയുടെ ഭര്‍ത്താവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കണം. എന്നാല്‍ അതിന് പോലീസ് തയ്യാറല്ല. പിപി ദിവ്യയെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ച അതേ മോഡല്‍ ഇടപെടലാണ് ആര്യനാട് ശ്രീജയുടെ വിഷയത്തിലും ആരോപണവിധേയരെ സംരക്ഷിക്കാന്‍ നടന്നത്.അത് അനുവദിക്കില്ല. ശ്രീജയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് കല്‍ത്തുറുങ്കില്‍ അടക്കണം.ശ്രീജയുടെ കുടുംബത്തെ സഹായിക്കാനും സംരക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറാകണം. ശ്രീജയുടെ കുടുംബത്തോടൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടി ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.