ഇന്ത്യ സഖ്യത്തിന്‍റെ മഹാറാലിയിൽ അണിനിരന്ന് 28 പ്രതിപക്ഷ പാർട്ടികൾ; സുനിത കെജ്‌രിവാളും റാലിയില്‍

Jaihind Webdesk
Sunday, March 31, 2024

ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരെ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മഹാറാലിയിൽ 28 പ്രതിപക്ഷ പാർട്ടികൾ അണിനിരന്നു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി, ശരദ് പവാർ, ഉദ്ധവ് താക്കറേ, അഖിലേഷ് യാദവ്, അടക്കം പ്രധാന നേതാക്കളെല്ലാം രാം ലീല മൈതാനിയിലെത്തി. അരവിന്ദ് കെജ്‌രിവാളിന്‍റെ ഭാര്യ സുനിത കെജ്‌രിവാളും മഹാറാലിയില്‍ പങ്കെടുത്തു.

കെജ്‌രിവാളിനെ ഒരു കാരണവുമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്ന് ഭാര്യ സുനിത കെജ്‌രിവാള്‍ പറഞ്ഞു. തങ്ങള്‍ക്ക് നീതിവേണമെന്ന് അവർ ആവശ്യപ്പെട്ടു. ജയിലിൽ കഴിയുന്ന കെജ്‌രിവാളിന്‍റെ സന്ദേശം സുനിത കെജ്‌രിവാള്‍ വായിച്ചു. ജയിലിൽ കഴിയുമ്പോഴും ചിന്ത രാജ്യത്തെ കുറിച്ചാണെന്നും ഒരു പുതിയ രാഷ്ട്ര നിർമ്മാണത്തിന് എല്ലാവരുടെയും പിന്തുണ തേടുകയാണെന്നും സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യ സഖ്യമെന്നത് വെറും വാക്കല്ല ,ഹൃദയമാണ്, ആത്മാവാണ് . സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യത്തെ സംരക്ഷിക്കൂ എന്ന വാധമുയര്‍ത്തികൊണ്ടാണ്  ഡല്‍ഹിയിലെ രാംലീല മൈതാനത്ത് റാലി നടക്കുന്നത്. ഒരു ലക്ഷത്തിലധികം ആളുകളാണ് റാലിയില്‍ പങ്കുച്ചേർന്നത്. ആദായ നികുതി വകുപ്പ് കോണ്‍ഗ്രസിന് തുടര്‍ച്ചയായി നോട്ടീസ് അയക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നു. കഴിഞ്ഞ ദിവസം 1823 കോടി രൂപയുടെ നോട്ടീസാണ് അയച്ചത്. അതേസമയം കെജ്‌രിവാളിന്‍റെ ഫോണ്‍ പരിശോധിക്കാന്‍ ആപ്പിള്‍ കമ്പനിയെ സമീപിച്ചിരിക്കുകയാണ് ഇഡി. ഫോണിന്‍റെ പാസ്‌വേര്‍ഡ്‌ കെജ്‌രിവാള്‍ നല്‍കുന്നില്ലെന്ന് ഇഡി വ്യക്തമാക്കി. ഇഡിയുടെ ഈ ശ്രമം പാര്‍ട്ടി വിവരങ്ങള്‍ ചോര്‍ത്താനാണെന്നാണ് എഎപിയുടെ വാദം.