വേനല്‍മഴയിലും കാറ്റിലും പത്തനംതിട്ട ജില്ലയില്‍ കനത്ത നാശനഷ്ടം; ജാഗ്രതാനിര്‍ദേശം

Jaihind Webdesk
Friday, April 8, 2022

പത്തനംതിട്ട : രണ്ടു ദിവസമായി ചെയ്യുന്ന ശക്തമായ വേനൽ മഴയിലും കാറ്റിലും പത്തനംതിട്ടയുടെ വിവിധ മേഖലകളിൽ കനത്ത നാശനഷ്ടം. മരങ്ങള്‍ കടപുഴകി വീണും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.

മഴയോടൊപ്പം എത്തിയ ശക്തമായ കാറ്റിൽ റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലെ കൂറ്റൻ ആൽമരം കടകൾക്ക് മുകളിലേക്ക് കടപുഴകി. ഭാഗ്യം കൊണ്ടു മാത്രം യാത്രക്കാർ രക്ഷപെടുകയായിരുന്നു. നിരവധി വീടുകൾക്ക് കേടുപാടുകൾ പറ്റി. ചന്ദനപ്പള്ളി കൊടുമൺ മല്ലപ്പള്ളി മേഖലയിലും വീടുകൾക്ക് നാശം നേരിട്ടു.

വേനൽ മഴ ശക്തമായതോടെ കാർഷിക മേഖലയും ആശങ്കയിലാണ്. മരങ്ങൾ കടപുഴകി വീണതിനാൽ പലിടത്തും വൈദ്യുത വിതരണം തടസപ്പെട്ടു. റോഡുകളിൽ മരം വീണതിനാൽ ഗതാഗത തടസവും ഉണ്ടായി. പത്തനംതിട്ട തിരുവല്ലറോഡിൽ പുല്ലാട് കുമ്പനാട് മേഖലകളിലെ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ  വാഹനങ്ങൾ ഏറെ പണിപ്പെട്ടാണ് കടന്നുപോയത്. നിരവധി വീടുകളുടെ മേൽക്കൂരകൾ ശക്തമായ കാറ്റിൽ പറന്നു പോയി.

ശക്തമായ മഴയുടെയും കാറ്റിന്‍റെയും പശ്ചാത്തലത്തില്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളിലും നദീ തീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും അണക്കെട്ടുകൾക്ക് സമീപം താമസിക്കുന്നവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.