സ്വർണ്ണക്കടത്ത് കേസില്‍ ഭരണപക്ഷ പാർട്ടി ഇടപെടാന്‍ ശ്രമിച്ചു ; സംസ്ഥാന പൊലീസിന് വീഴ്ച : കസ്റ്റംസ് കമ്മീഷണര്‍

Saturday, July 31, 2021

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടി അന്വേഷണത്തില്‍ ഇടപെട്ടുവെന്ന് ആവര്‍ത്തിച്ച് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. കേസില്‍ പോലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായി. കസ്റ്റംസിനെ സംസ്ഥാനത്തിനെതിരെ ഉപയോഗിക്കുന്നുവെന്നത് അസംബന്ധമാണെന്നും സ്ഥലംമാറിപ്പോകുന്ന കസ്റ്റംസ് കമ്മീഷണർ സുമിത് കുമാര്‍ വ്യക്തമാക്കി.

കേരള പൊലീസ് അന്വേഷണത്തിൽ സഹായിച്ചില്ല എന്നത് ആരോപണമല്ല, വാസ്തവമാണ്. ഭരിക്കുന്ന പാർട്ടികൾ മാറും. തനിക്കെതിരെ പല തരത്തിലും നടപടിയെടുക്കാൻ നോക്കി. പലതവണ അക്രമങ്ങൾ ഉണ്ടായിട്ടും പോലീസ് ഒരു കുറ്റപത്രം പോലും ഇതുവരെ തയാറായിക്കിയില്ല. കസ്റ്റംസിനെതിരായ ജുഡീഷ്യൽ അന്വേഷണം വിഡ്ഡിത്തമാണെന്നും സർക്കാരിനെതിരെ താൻ ഒരു കമ്മീഷനെ വച്ചാൽ എങ്ങനെയുണ്ടാകുമെന്നും സുമിത് കുമാർ ചോദിക്കുന്നു. രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത നീക്കമാണ് ഇതെന്നാണ് പരിഹാസം.

സ്വർണ്ണക്കടത്ത് കേസിലെ എല്ലാ നടപടികളും പൂർത്തീകരിച്ചതായി അദ്ദേഹം പറഞ്ഞു. നയതന്ത്ര ചാനൽ ദുരുപയോഗം ചെയ്യുന്നത് മനസിലാക്കാൻ കഴിഞ്ഞു. നയതന്ത്ര ബാഗേജ് വിട്ടുനൽകാൻ ആരും സമ്മർദം ചെലുത്തിയിട്ടില്ല. മറ്റ് ഉദ്യോഗസ്ഥരെ സമ്മർദം ചെലുത്തിയിട്ടുണ്ടാവാം. മുഖ്യമന്ത്രിയുടെ ഓഫീസിന് തന്‍റെ മേൽ അധികാരമില്ല. ആർക്കെങ്കിലും തന്നെ സ്വാധീനം ചെലുത്താനോ സമ്മർദം ചെലുത്താനുോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പല പ്രധാന കേസുകളുടെയും ഭാഗമാകാൻ കഴിഞ്ഞുവെന്നും കൂടെയുണ്ടായിരുന്നവര്‍ നല്ല ടീമായിരുന്നുവെന്നും സുമിത് കുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.