VAIKKOM MUHAMMED BASHEER| ഓര്‍മ്മകളില്‍ സുല്‍ത്താന്‍; വൈക്കം മുഹമ്മദ് ബഷീറിന്റെ 31-ാം ചരമ വാര്‍ഷികം ഇന്ന്

Jaihind News Bureau
Saturday, July 5, 2025

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായ വൈക്കം മുഹമ്മദ് ബഷീര്‍ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്ന് 31 വര്‍ഷം. ചിരിയും ചിന്തയും ഒരുമിച്ച് തൂലികയിലൂടെ ജനിപ്പിച്ച ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ്മകളിലാണ് ഇന്ന് മലയാളം.

കഥകളുടെ സുല്‍ത്താനായ ബഷീര്‍ കഥകള്‍ പറഞ്ഞ് പറഞ്ഞ് എന്നെന്നും ഓര്‍ക്കപ്പെടുന്ന ഒരു കഥയായ മാറി. എം ടി പറഞ്ഞ പോലെ കാലത്തിലേക്ക് മറന്നിട്ട മനസ്സാക്ഷിയുടെ പഴുതാണീ കഥാകരന്‍. കഥാകാരന്‍ മാത്രമല്ല സംഗീത പ്രേമി കൂടിയാണദ്ദേഹം. ഞാനും നിങ്ങളും നമുക്കറിയാവുന്ന ചെറിയ വലിയ മനുഷ്യരുമായിരുന്നു ബഷീറിന്റെ ലോകം.

ഗ്രാമീണ ജീവിതത്തിന്റെ പച്ചയായ സൗന്ദര്യം തനതായ ഭാഷയിലൂടെ അദ്ദേഹം ലോകത്തിനു മുന്‍പില്‍ അക്ഷരങ്ങളിലൂടെ വരച്ചു കാണിച്ചു. ലളിതമായതും നര്‍മ്മരസം തുളുമ്പുന്നതുമായ സവിശേഷ രചനാരീതി അദ്ദേഹത്തെ ജനകീയ എഴുത്തുകാരാനാക്കി. ബഷീറിന്റെ വരികളെയും ആശയങ്ങളെയും മുളപ്പിച്ചെടുത്ത ബേപൂരിലെ വയലാലില്‍ വീട്ടിലെ മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ ബഷീര്‍ വിട്ടു പോയത് തന്റെ ചാരുകസേര മാത്രമല്ല, തൂലികയിലൂടെ ഒഴുക്കിയ സ്‌നേഹം കൂടിയാണ്. ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, മതിലുകള്‍, ശബ്ദങ്ങള്‍ തുടങ്ങി നിരവധി കൃതികള്‍ക്ക് അദ്ദേഹത്തിന്റെ തൂലിക ജന്മം നല്‍കി. നവോത്ഥാന മാനവികതയുടെ ഭാസുര ലോകത്ത് ഇടം കിട്ടാതെ പോയ കീടങ്ങള്‍ക്ക് വേണ്ടി ആലോചിച്ച ആദ്യത്തെ എഴുത്തുകാരന്‍ കൂടിയാണ് അദ്ദേഹം. പ്രത്യാശയുടെയും പ്രതീക്ഷയുടെയും ശുഭാപ്തി വിശ്വാസത്തിന്റെയും മഷി നിറച്ച പേനകള്‍ കൊണ്ട് എഴുതിയതാണ് അദ്ദേഹത്തിന്റെ കഥകള്‍.

ആധുനിക മലയാള സാഹിത്യത്തില്‍ ഇത്രയധികം വായനക്കാരുള്ള മറ്റൊരു കഥാകാരനില്ല. ചെറുകഥകളും നോവലുകളും തിരക്കഥകളും തൂലികയിലൂടെ സ്നേഹമൊഴുക്കിയ സുല്‍ത്താന്‍ നല്‍കിയ സംഭാവനകളാകട്ടെ അതിരുകളെ ഭേദിക്കുന്നു. പ്രണയം, ദാരിദ്ര്യം, പരുക്കന്‍ ജീവിത യാഥാര്‍ഥ്യങ്ങളെല്ലാം ബഷീര്‍ കൃതികളിലൂടെ വാനയക്കാരന്‍ അനുഭവിച്ചറിഞ്ഞു. കയ്പേറിയ അനുഭവങ്ങളില്‍ പോലും നര്‍മം കലര്‍ത്തി അവതരിപ്പിച്ച ബഷീറിന്റെ കഥകള്‍ മലയാള സാഹിത്യത്തിന് ഒഴിച്ച് കൂട്ടാനാവാത്ത ഒന്നായി മാറി. ചിരിപ്പിച്ചും കരയിപ്പിച്ചും ജീവിതാനുഭവങ്ങളുടെ കരുത്ത് ബേപ്പൂര്‍ സുല്‍ത്താന്റെ തൂലികയിലൂടെ അക്ഷരങ്ങളായി.