ഹിമാചലിനെ നയിക്കാന്‍ സുഖ്‍വീന്ദർ സിംഗ് സുഖു; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

 

ഷിംല: ഹിമാചൽ പ്രദേശിന്‍റെ പതിനഞ്ചാമത് മുഖ്യമന്ത്രിയായി സുഖ്‍വീന്ദർ സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുകേഷ് അഗ്നിഹോത്രി ഉപ മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർക്കൊപ്പം കേന്ദ്ര നിരീക്ഷകന്‍ ആയിരുന്ന ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്‌, സച്ചിൻ പൈലറ്റ്, കെ.സി വേണുഗോപാൽ, പിസിസി അധ്യക്ഷ പ്രതിഭാ സിംഗ് അടക്കമുള്ള നേതാക്കളും പങ്കെടുത്തു.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന സുഖ്‍വീന്ദർ സിംഗ് സുഖു സാധാരണക്കാരുടെ പ്രതിനിധിയാണ്. രാഷ്ട്രീയ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ ബസ് ഡ്രൈവറുടെ മകനായാണ് സുഖ്‍വീന്ദറിന്‍റെ ജനനം. പ്രീഡിഗ്രി പഠനകാലത്താണ് അദ്ദേഹം നേതൃ പദവിയിലേക്കെത്തുന്നത്. നിയമ ബിരുദ പഠന കാലത്ത് പുലർച്ചെ പത്രം വിതരണം ചെയ്തും പാല് വിറ്റും വരുമാനമാർഗം കണ്ടെത്തി.  ഹിമാചലില്‍ എൻഎസ്‍യുവിനെയും യൂത്ത് കോൺഗ്രസിനെയും പതിനാറ് കൊല്ലം സുഖ്‍വീന്ദർ നയിച്ചു. 6 വർഷം പിസിസി അധ്യക്ഷനായി. 1992 ൽ ഷിംല കോർപ്പറേഷൻ കൗൺസിലറായി. 2003 മുതൽ നാല് തവണ എംഎൽഎയായിരുന്നു. 2007 മുതൽ 5 വർഷം നിയമസഭയിൽ ചീഫ് വിപ്പും ആയി.

പത്ര വിതരണക്കാരനായി വരുമാനം കണ്ടെത്തിയ വിദ്യാർത്ഥിയിൽ നിന്ന് കോണ്‍ഗ്രസ് പ്രവർത്തനത്തിലൂടെ പടിപടിയായി വളർന്നാണ് ഹിമാചലിന്‍റെ മുഖ്യമന്ത്രി പദത്തിലേക്ക് സുഖ്‍വീന്ദർ സിംഗ് സുഖു എത്തുന്നത്. ജനങ്ങളുടെ പ്രതീക്ഷകള്‍ കാക്കുക എന്ന വലിയ ഉത്തരവാദിത്തം ഏറ്റെടുത്ത് സാധാരണക്കാരെ അടുത്തറിയുന്ന, സാധാരണക്കാരനായ മുഖ്യമന്ത്രിയായി സുഖ്‍വീന്ദർ സിംഗ് സുഖു ഹിമാചലിന്‍റെ കൈ പിടിക്കുമ്പോള്‍ കോണ്‍ഗ്രസ് പാർട്ടിക്കും ഇത് അഭിമാന നിമിഷമാണ്.

 

 

 

 

രാഹുല്‍ ഗാന്ധി പിസിസി അധ്യക്ഷ പ്രതിഭാ സിംഗിനൊപ്പം

 

 

ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‍വീന്ദർ സിംഗ് സുഖു  അമ്മയ്ക്ക് ഒപ്പം
Comments (0)
Add Comment