അമല്‍ജ്യോതി കോളേജ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: ശാസ്ത്രീയ പരിശോധനാഫലം ഇതുവരെ കിട്ടിയില്ല; വഴിമുട്ടി അന്വേഷണം

Jaihind Webdesk
Sunday, July 2, 2023

 

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ എൻജിനീയറിംഗ് വിദ്യാർത്ഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത കേസിൽ എങ്ങും എത്താതെ വഴിമുട്ടി അന്വേഷണം. ശാസ്ത്രീയ പരിശോധനാ ഫലം വൈകുന്നതാണ് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ അന്വേഷണം താല്‍ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ.

കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്തത് . ശ്രദ്ധയുടെ മരണം നടന്ന് ഒരു മാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല. ശ്രദ്ധ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ്, മൊബൈൽ ഫോൺ, ഹോസ്റ്റൽ മുറിയിൽ നിന്ന് കണ്ടെത്തിയ ശ്രദ്ധയുടെ കൈപ്പടയിലുള്ള ഒരു കുറിപ്പ് എന്നിവയുടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാത്തതാണ് തിരിച്ചടിയായത്. ഇതോടെ ക്രൈം ബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തിലായി. അതേസമയം സാക്ഷിമൊഴികൾ രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്.

മരണത്തിൽ ദുരൂഹതയില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക വിലയിരുത്തൽ. കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. കോളേജ് അധികൃതരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് പിന്നിൽ എന്ന് ശ്രദ്ധയുടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ശ്രദ്ധയുടെ ആത്മഹത്യക്ക് പിന്നാലെ ദിവസങ്ങളോളം നീണ്ടുനിന്ന വിദ്യാർത്ഥി സമരം മന്ത്രിമാരുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്ക് ഒടുവിലാണ് സമരം വിദ്യാർത്ഥികൾ അവസാനിപ്പിച്ചത്. അമൽ ജ്യോതിയിലെ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനിയായിരുന്നു മരിച്ച തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷ്. ക്രൈം ബ്രാഞ്ച് അന്വേഷണം വഴിമുട്ടിയതോടെ ശ്രദ്ധയ്ക്ക് നീതി ലഭിക്കാൻ വൈകുന്നു എന്നാണ് ശ്രദ്ധയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരോപിക്കുന്നത്.