ലോക്ക്ഡൗണ്‍ സാമ്പത്തിക ബാധ്യത : ജനന,മരണ തീയതികള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച് യുവാവ് ജീവനൊടുക്കി

Jaihind Webdesk
Wednesday, August 11, 2021

ഇടുക്കി : സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇടുക്കിയില്‍ യുവാവ് ആത്മഹത്യ ചെയ്തു. അടിമാലി ആനച്ചാല്‍ ഓലിക്കുന്നേല്‍ ദീപു(34) ആണ് ജീവനൊടുക്കിയത്. ജനന, മരണ തീയതികള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ശേഷമായിരുന്നു ആത്മഹത്യ. ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് വിവരം അറിയുന്നത്.

കരിമണ്ണൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തി വരികയായിരുന്നു ദീപു. ആദ്യം കടയിലെ ജീവനക്കാരനായിരുന്നു. പിന്നീട് ബാര്‍ബര്‍ ഷോപ്പ് ഏറ്റെടുത്തു. പിന്നാലെ കൊവിഡ് എത്തിയതോടെ വരുമാനം നഷ്ടപ്പെട്ട് വലിയ കടക്കെണിയിലേക്ക് എത്തിയിരുന്നതായാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. സാമ്പത്തികബാധ്യതയാണ് മരണകാരമായി തൊടുപുഴ പൊലീസും പറയുന്നത്.

അടുത്തിടെ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് തൂക്കൂപാലത്ത് ബേക്കറി ഉടമയും രാജകുമാരി കോഴിക്കട ഉടമയും ആത്മഹത്യ ചെയ്തിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.