ലിബിയയിലെ വിദേശകാര്യവകുപ്പ് ഓഫീസിനു നേരെ ചാവേർ ആക്രമണം. ബോംബ് സ്‌ഫോടനവും വെടിവയ്പുമായി ചാവേറുകൾ നടത്തിയ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. രണ്ടു ചാവേറുകൾ കെട്ടിടത്തിനകത്തു സ്വയം പൊട്ടിത്തെറിച്ചു. ഒരു ചാവേറിനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി.
കാർ ബോംബ് സ്‌ഫോടനത്തോടെയായിരുന്നു ആക്രമണം തുടങ്ങിയത്. ഇതിൽ ഒട്ടേറെ വാഹനങ്ങൾ കത്തിനശിച്ചു, കെട്ടിടങ്ങൾക്കു കേടുപാടു സംഭവിച്ചു. ഇതിനിടെ ഓഫിസിലേക്കു കയറിയ ചാവേറുകൾ ചുറ്റിലും വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റ ഒട്ടേറെ പേരെ ആശുപത്രിയിലേക്കു മാറ്റി. 21 പേർക്കു പരുക്കേറ്റതായാണു വിവരം.
സംഭവത്തിനു പിന്നിലുള്ളവരെ തേടി അന്വേഷണം ആരംഭിച്ചുകഴിഞ്ഞതായി വിദേശകാര്യ വക്താവ് പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് ആണു സംഭവത്തിനു പിന്നിലെന്നാണു കരുതുന്നത്. 2011ൽ ഗദ്ദാഫി സ്ഥാനഭ്രഷ്ഠനായതിനു പിന്നാലെ ഐഎസ് ഇവിടെ സജീവമാണ്. 2015ൽ തീരദേശ നഗരമായ സിർത്ത് ഐഎസ് പിടിച്ചെടുത്തു. തൊട്ടടുത്ത വർഷം യുഎസ് പിന്തുണയോടെ പോരാടിയ ലിബിയൻ സൈന്യം സിർത്ത് തിരികെപ്പിടിക്കുകയും ചെയ്തു.