പ്രതിഷേധത്തെ തുടർന്ന് ശബരിമലയില്‍ റിപ്പോർട്ടിംഗിനായി എത്തിയ വനിതാ റിപ്പോർട്ടര്‍ മടങ്ങി

Jaihind Webdesk
Thursday, October 18, 2018

ശബരിമലയില്‍ റിപ്പോർട്ടിംഗിനായി എത്തിയ വനിതാ റിപ്പോർട്ടറെയും സംഘത്തെയും പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് സുഹാസിനിയും സംഘവും തിരിച്ചിറങ്ങി.

ന്യൂയോർക് ടൈംസ് ലേഖിക സുഹാസിനി രാജാണ് രാവിലെ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പരമ്പരാഗത കാനന പാതയിലൂടെ ശബരിമലയിലേക്ക് യാത്ര തിരിച്ചത്.

അൻപതോളം വരുന്ന പൊലീസുകാരുടെ സംരക്ഷണത്തിലാണ് സുഹാസിനിയും സംഘവും കാനനപാതയിലൂടെ് സന്നിധാനത്തേക്ക് പോയത്. മരക്കൂട്ടത്ത് വച്ച് ശരണം വിളിച്ചെത്തിയ പ്രതിഷേധക്കാർ സുഹാസിനിയെ തടഞ്ഞു. എന്തു പ്രശ്‌നമുണ്ടെങ്കിലും മുന്നോട്ടു പോകാൻ വഴിയൊരുക്കാമെന്ന് പോലീസ് അറിയിച്ചെങ്കിലും പിൻവാങ്ങാൻ അവർ തീരുമാനിക്കുകയായിരുന്നു.

നേരത്തെ പമ്പയിൽവച്ച് പ്രതിഷേധക്കാർ സുഹാസിനിയെ ശരണം വിളിച്ച് തടഞ്ഞിരുന്നു. തുടർന്ന് സുഹാസിനി ഇവരെ തന്‍റെ ഐഡി കാർഡ് കാണിക്കുകയും ചെയ്തു. ജോലി സംബന്ധമായ ആവശ്യത്തിനാണ് എത്തിയതെന്ന് വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് ഇവരെ പോലീസ് വാഹനത്തിൽ പമ്പയിൽ നിന്ന് കൊണ്ട് പോയി.