‘അഭിനയിച്ചത് മതി, എല്ലാം എന്‍റെ കണ്‍മുന്നില്‍ കണ്ടതാണ്’ മന്‍സൂർ വധക്കേസ് പ്രതിയോട് മുഹ്സിൻ

Jaihind Webdesk
Saturday, April 17, 2021

 

മൻസൂർ വധക്കേസിലെ അഞ്ചാം പ്രതി സുഹൈലിന്‍റെ താൻ നിരപരാധിയാണെന്ന ഫേസ് ബുക്ക് പോസ്റ്റിന് മറുപടിയായി മൻസൂറിന്‍റെ സഹോദരൻ മുഹ്സിൻ. എല്ലാം എന്‍റെ കൺമുന്നിൽ കണ്ടതാണെന്നും അഭിനയിച്ചത് മതിയെന്നും മുഹ്സിൻ.
താൻ നിരപരാധിയാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനു ശേഷമാണ് സുഹൈൽ തലശേരി കോടതിയിലെത്തി കീഴടങ്ങിയത്.

മൻസൂർ അനുജനെപ്പോലെയാണെന്നും കൊലപാതകത്തിൽ പങ്കില്ലെന്നുമാണ് സുഹൈൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്. തന്നെ കള്ളക്കേസിൽ കുടുക്കുകയാണെന്നുമായിരുന്നു പ്രതിയായ സുഹൈലിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്.
നുണപരിശോധനയ്ക്കടക്കം തയാറാണെന്നും കാണിച്ച് ഡിജിപിക്ക് കത്തും സുഹൈൽ അയച്ചിട്ടുണ്ട്.

ഇല്ല ഒരിക്കലും എനിക്കതിനു കഴിയില്ല ! കൊല്ലാൻ മാത്രം ഞാൻ ക്രൂരനാണെന്ന് നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ? എന്ന ചോദ്യത്തോടെയായിരുന്നു സുഹൈലിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. മൻസൂർ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് നിങ്ങൾക്കറിയില്ലേ ? അവന്‍റെ ഉപ്പ മുസ്തഫാക്ക എനിക്ക് പാർട്ടി അനുഭാവി എന്നതിലുപരി എന്‍റെ ഉപ്പയ്ക്ക് തുല്യമായിരുന്നില്ലേ ?  മുസ്ലിം ലീഗിന്‍റെ രാഷ്ട്രീയത്തേക്കാൾ അവന്‍റെ ഉപ്പയെ പോലെ മാറി ചിന്തിച്ചതിന്ന് തെളിവുകൾ എന്‍റെ പക്കലുണ്ട് എന്നിവയായിരുന്നു കോടതിയിൽ കീഴടങ്ങുന്നതിന് മുന്‍പ് സുഹൈൽ ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടത്.

ഇതിന് മറുപടിയാണ് മൻസൂറിന്‍റെ സഹോദരൻ ഫേസ്ബുക്കിലൂടെ നൽകിയത്.

എന്‍റെ സഹോദരനെ നീ കൊല്ലുമെന്നും അതിന് അപ്പുറവും നീ ചെയ്യും, നിന്‍റെ മനസ് അത്ര വികൃതമാണെന്നുമായിരുന്നു മുഹ്സിന്‍റെ മറുപടി. എന്‍റെ ഉപ്പാ നിന്നെ മനസ്സിലാക്കാൻ വൈകിപ്പോയി എന്ന കുറ്റബോധമാണ് ഇപ്പോഴുള്ളത്. മൻസൂർ ലീഗുകാരനല്ല എന്ന സുഹൈലിന്‍റെ വാദത്തിനും മുഹ്സിൻ മറുപടി നൽകുന്നുണ്ട്. കൊന്നിട്ടും എന്‍റെ അനിയനെ സുഹൈൽ വെറുതെ വെറുതെ വിടുന്നില്ലെന്നും മുഹ്സിൻ പറയുന്നുണ്ട്. നാവെടുത്താൽ കളവു മാത്രമേ നീ പറയു എന്‍റെ കണ്ണ് മുമ്പിൽ ഉള്ള നിന്നെ എന്തിനാ വിളിച്ചു അറിയിക്കുന്നെ എന്നും മുഹ്സിൻ ചോദിക്കുന്നു. കോടതിയിൽ കീഴടങ്ങുന്നതിന് മുമ്പുള്ള നാടകമാണെന്നാണ് സുഹൈലിന്‍റെ എഫ് ബി പോസ്റ്റിനെ കുറിച്ച് മൻസൂറിന്‍റെ ബന്ധുക്കളും നാട്ടുകാരും പറയുന്നത്.