മലയാളത്തിന്‍റെ പ്രിയകവയിത്രി സുഗതകുമാരി അന്തരിച്ചു

Jaihind News Bureau
Wednesday, December 23, 2020

 

തിരുവനന്തപുരം : മലയാളത്തിന്‍റെ പ്രിയകവയിത്രി സുഗതകുമാരി (86) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു.  പ്രധാനകൃതികള്‍: മുത്തുച്ചിപ്പികള്‍, പാതിരാപ്പൂക്കള്‍, രാത്രിമഴ, അമ്പലമണി, രാധയെവിടെ. വനിതാ കമ്മീഷന്‍ അധ്യക്ഷ, തളിര് മാസിക പത്രാധിപര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. സരസ്വതി സമ്മാന്‍, പത്മശ്രീ, വയലാര്‍, ഓടക്കുഴല്‍, ആശാന്‍ പുരസ്കാരങ്ങള്‍ നേടി. സരസ്വതി സമ്മാന്‍, പത്മശ്രീ, വയലാര്‍, ഓടക്കുഴല്‍, ആശാന്‍ പുരസ്കാരങ്ങള്‍ നേടി.

മലയാളത്തിന്‍റെ കാവ്യസുകൃതം സുഗതകുമാരി യാത്രയായി

നന്ദാവനത്തെ വരദയിൽ സൗകുമാര്യം വിതറാൻ ഇനി ടീച്ചറില്ല. 8 പതിറ്റാണ്ട് കടന്ന കാവ്യ സപര്യക്ക് വിരാമിട്ട് സുഗതകുമാരി വിടപറയുമ്പോൾ കേരള സാഹിത്യ ശാഖയ്ക്ക് മാത്രമല്ല നിരവധി അശരണർക്കും ആശ്രയം നഷ്ടമാകുകയാണ്.

മലയാള സാഹിത്യ ശാഖയിലെ വിലമതിക്കാനാവാത്ത ഒരു ദളം കൂടി പൊഴിയുമ്പോൾ 8 നൂറ്റാണ്ട് കടന്ന ഒരു പ്രസ്ഥാനത്തിനാണ് വിരാമമാകുന്നത്. വികാരസാന്ദ്രവും കല്പനാസുന്ദരവുമായ ശൈലിയിൽ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങൾ ആവിഷ്‌കരിക്കുന്ന ഒട്ടേറെ കവിതകൾ സുഗതകുമാരി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അരനുറ്റാണ്ടിലേറെയായി തുടരുന്ന കാവ്യജീവിതത്തിൽ യാതന അനുഭവിക്കുന്നവരിലേക്കും തെരുവിലേക്കും കടന്നുചെന്ന കവയിത്രി മനുഷ്യജീവിതത്തിലെ പച്ചയായ യാഥാർത്ഥ്യങ്ങളെ സാഹിത്യലോകത്തിനു മുന്നിൽ തുറന്നിട്ടു. കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക മേഖലകളിലെ സജീവസാന്നിധ്യമായ സുഗതകുമാരി ടീച്ചർ ജനകീയപ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളി കൂടിയാണ്.

പ്രശസ്ത കവിയും സ്വാതന്ത്ര്യസമരസേനാനിയുമായ ബോധേശ്വരന്റെയും തിരുവനന്തപുരം വുമൻസ് കോളേജിൽ സംസ്‌കൃതം പ്രൊഫസറായിരുന്ന കാർത്യായനിയമ്മയുടേയും പുത്രിയായി 1934 ജനുവരി 22നാണ് സുഗതകുമാരി ജനിച്ചത്. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയ സുഗതകുമാരി തളിര് എന്ന മാസികയുടെ പത്രാധിപരായും സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷയായും തിരുവനന്തപുരം ജവഹർ ബാലഭവന്റെ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം, അഭയഗ്രാമം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്.

1961 ൽ പുറത്തിറങ്ങിയ മുത്തുച്ചിപ്പിയിലും 1965ൽ ഇറങ്ങിയ സ്വപ്നമീ, പാതിരാപ്പൂക്കിളി, ഇരുൾ ചിറകുകൾ, രാത്രിമഴ എന്നീ കവിതകളിലുമിത് കാണാൻ കഴിയും. എന്നാൽ എൺപതുകൾക്ക് ശേഷം സുഗതകുമാരിയുടെ കവിതാ പ്രതലം മാറുകയായിരുന്നു. സൈലന്റ് വാലി പ്രക്ഷോഭവും തുടർന്നുണ്ടായ പരിസ്ഥിതി പ്രസ്ഥാനവും അവരുടെ രചനകളിലും ജീവിതത്തിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചു. കുട്ടികളോട് എന്നും സ്‌നേഹവും വാത്സല്യവും ഉള്ള സുഗതകുമാരി ബാലസാഹിത്യത്തിലും തന്റെ സംഭാവനകൾ നൽകി. വാഴത്തേൻ, ഒരു കുല പൂവും കൂടി തുടങ്ങിയ കൃതികൾ കുട്ടികൾക്കായ് സുഗതകുമാരി രചിച്ചിട്ടുണ്ട്.

സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്‌കാരം സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി പുരസകാരങ്ങൾ നേടിയിട്ടുണ്ട്. സുഗതകുമാരി എന്ന ബഹുമുഖ പ്രതിഭയ്ക്ക് ആദാരാജ്ഞലികൾ.