സുഗന്ധഗിരി മരംമുറി കേസ്; ആറ് പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Jaihind Webdesk
Wednesday, April 3, 2024

വയനാട്: സുഗന്ധഗിരി മരംമുറി കേസില്‍ വനംവകുപ്പ് ജീവനക്കാരുടെ ശീതസമരം അന്വേഷണ സംഘത്തിന് വെല്ലുവിളിയാകുന്നു. മരംമുറിക്കേസിലെ ആറ് പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കല്‍പ്പറ്റ കോടതി ഇന്ന് വിധി പറയും. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് മരംമുറിയില്‍ പങ്കുണ്ടോ എന്നും പരിശോധിക്കുകയാണ്.

വീടിന് മുകളിലേക്ക് ചരിഞ്ഞു നില്‍ക്കുന്ന 20 മരംമുറിക്കാന്‍ കിട്ടിയ അനുമതിയുടെ മറവില്‍ കൂടുതല്‍ മരം മുറിച്ചു കടത്തിയെന്നാണ് കേസ്.  കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ വനം വകുപ്പ് നിയോഗിച്ചു. മൂന്ന് ഫ്‌ലയിങ് സ്‌ക്വാഡ് ഡിഎഫ്ഒമാരെയാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ വനം വകുപ്പിലെ ജീവനക്കാരുടെ സംഘടനകള്‍ തമ്മിലുള്ള ശീതസമരം അന്വേഷണത്തിന് വെല്ലുവിളിയാണ്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് മരംമുറിയില്‍ പങ്കുണ്ടോ എന്നും പരിശോധിക്കുകയാണ്. മരംമുറിക്കേസിലെ ആറ് പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കല്‍പ്പറ്റ കോടതി ഇന്ന് വിധി പറയും.

ഇന്നലെ പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും വാദം പൂര്‍ത്തിയായിരുന്നു. മരത്തിന്‍റെ കൂടുതല്‍ ഭാഗം ഇനിയും കണ്ടെത്താനുണ്ട്. വാര്യാട് സ്വദേശി ഇബ്രാഹിം, മീനങ്ങാടി സ്വദേശി അബ്ദുല്‍ മജീദ്, മാണ്ടാട് സ്വദേശി ചന്ദ്രദാസ്, മണല്‍വയല്‍ സ്വദേശി അബ്ദുന്നാസര്‍, കൈതപ്പൊയില്‍ സ്വദേശി അസ്സന്‍കുട്ടി, എരഞ്ഞിക്കല്‍ സ്വദേശി ഹനീഫ എന്നിവരാണ് ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുള്ളത്. അനധികൃതമായി മുറിച്ചത് 80 ലധികം മരങ്ങളാണ്. ഇതിന് ഒത്താശ ചെയ്തവരില്‍ വനംവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും ഉണ്ടെന്ന് കണ്ടെത്തിയത് വനം വകുപ്പിന് വലിയ നാണക്കേടായി. ഇതിന് പിന്നാലെയാണ് കല്‍പ്പറ്റ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറെയും രണ്ടു വാച്ചര്‍മാരെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍റ് ചെയ്തത്.  മുറിച്ചു കടത്തിയ മരങ്ങള്‍ മുഴുവനും കണ്ടെത്തുക, പ്രതികള്‍ ആറില്‍ കൂടുതലുണ്ടെങ്കില്‍ കണ്ടെത്തുക, മരംമുറിയില്‍ പങ്കുള്ള വനംവകുപ്പിലെ ഉദ്യോഗസ്ഥരെ കണ്ടെത്തുക എന്നിവയാണ് അന്വേഷണ സംഘത്തിന് മുന്നിലെ ലക്ഷ്യങ്ങള്‍.