അര്‍ജുന്‍ സ്ഥിരമായി സ്വര്‍ണ്ണം തട്ടി; പിന്തുടര്‍ന്നത് ‘പാഠം പഠിപ്പിക്കാനെന്ന്’ സൂഫിയാന്‍

Thursday, July 1, 2021

കോഴിക്കോട്: കൊടുവള്ളി സംഘത്തിനെത്തുന്ന കള്ളക്കടത്ത് സ്വർണ്ണം സ്ഥിരമായി തട്ടിയെടുക്കുന്ന അർജുന്‍ ആയങ്കിയെ കൈകാര്യം ചെയ്യാന്‍ ലക്ഷ്യമിട്ടുതന്നെയാണ് കൊടുവള്ളി സംഘം പിന്തുടര്‍ന്നതെന്ന് കഴിഞ്ഞദിവസം അറസ്റ്റിലായ ടി.കെ സൂഫിയാന്‍റെ മൊഴി. സ്വര്‍ണ്ണമില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പിന്തുടര്‍ന്നത്. അതേസമയം ചെർപ്പുളശേരി സംഘം അർജുന്‍റെ കയ്യിൽ സ്വർണമുണ്ടെന്ന ധാരണയിലാണ് പിന്തുടർന്നതെന്നും സൂഫിയാൻ പൊലീസിനോട് പറഞ്ഞു.

അർജുനെ കൊലപ്പടുത്തുകയായിരുന്നോ ലക്ഷ്യമെന്ന ചോദ്യത്തിന് പാഠം പഠിപ്പിക്കുകയായിരുന്നു ഉദ്ദേശം എന്നായിരുന്നു സൂഫിയാന്‍റെ മറുപടി. ഇരുപത്തഞ്ചോളം തവണയാണ് കൊടുവള്ളി സംഘം കടത്തിയ സ്വർണ്ണം അർജുൻ തട്ടിയെടുത്തത്. സ്ഥിരമായതോടെയാണ് അര്‍ജുന്‍ ആയങ്കിയെ പാഠം പഠിപ്പിക്കാന്‍ കൊടുവള്ളി സംഘം തീരുമാനിച്ചത്. ഇതിനാണ് സൂഫിയാനെ ചുമതലപ്പെടുത്തിയതെന്നാണ് വിവരം. ഇതിന്‍റെ ഭാഗമായാണ് രാമനാട്ടുകാര വാഹനാപകടം നടന്ന ദിവസം കൊടുവള്ളി സംഘം അർജുൻ ആയങ്കിയുടെ കാറിനെ പിന്തുടർന്നതെന്നാണ് സൂഫിയാന്‍ മൊഴി നല്‍കിയത്. കൊടുവള്ളി, ചെര്‍പ്പുളശേരി സംഘങ്ങള്‍ക്കിടയിലെ കണ്ണിയും സൂഫിയാനാണെന്നാണ് പുറത്തുവരുന്നത്.

രാമനാട്ടുകര അപകടം നടന്ന ദിവസം സ്വർണ്ണവുമായി എത്തിയ കാരിയറെ കസ്റ്റംസ് പിടികൂടിയതറിഞ്ഞ് അർജുൻ മടങ്ങിയതോടെ പ്ലാന്‍ തെറ്റി. അമിതവേഗത്തില്‍ കടന്ന അര്‍ജുനെ പിന്തുടരാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. പിന്നീട് താമരശേരി ചുരത്തിന് സമീപമുള്ള സുഹൃത്തിന്‍റെ കൃഷിയിടത്തില്‍ ഒളിച്ചുകഴിയുകയായിരുന്നുവെന്നും സൂഫിയാന്‍ പൊലീസിന് മൊഴി നല്‍കി.