ആ ഫോൺ കോൾ വെറുതേയായില്ല ; കൊവിഡ് കാലത്തെ ദുരിത ജീവിതം ഉമ്മൻ ചാണ്ടിയെ അറിയിച്ച് സുഫൈൽ ; ഭക്ഷണ കിറ്റും പണവും എത്തിച്ച് കരുതൽ

 

തൃശൂർ : കാഴ്ചയില്ലാത്ത സുഫൈലും കുടുംബവും അകക്കണ്ണില്‍ കാണുന്ന രൂപമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേത്. കൊവിഡ് കാലത്തെ തങ്ങളുടെ ദുരിതജീവിതം പറയാന്‍ ഉമ്മന്‍ ചാണ്ടിയെ വിളിച്ച ഇവർക്ക് തെറ്റിയില്ല, ഭക്ഷണകിറ്റും പണവും ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ സുഫൈലിന്‍റെ വീട്ടിലെത്തിച്ച് ഉമ്മന്‍ ചാണ്ടി കരുതലിന്‍റെ സാന്ത്വനസ്പർശമായി.

സുഫൈലിന്‍റെ വീട്ടിൽ എട്ട് അംഗങ്ങളാണ് ഉള്ളത്. സുഫൈലിനും ഭാര്യ സല്‍മയ്ക്കും അനുജത്തി അജ്നയ്ക്കും കാഴ്ചശക്തിയില്ല. നിത്യച്ചെലവ് കഴിഞ്ഞുപോയിരുന്ന ചെറിയ ജോലിയും കൊവിഡ് കാലത്ത്  നഷ്ടമായതോടെ കാഴ്ചയില്ലാത്ത ഈ കുടുംബത്തിന്‍റെ ജീവിതം ദുരിതപൂര്‍ണ്ണമായി. ഇതോടെയാണ് തങ്ങളുടെ അവസ്ഥ പറയാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിളിച്ചത്. പാലക്കാട് നടന്ന ജനസമ്പർക്ക പരിപാടിയില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ സുഫൈല്‍ ഉമ്മന്‍ ചാണ്ടിയോട് സംസാരിച്ചിരുന്നു. ഇതാണ് അദ്ദേഹത്തെ വിളിക്കാന്‍ ഇവർക്ക് പ്രേരണയായത്. സുഫൈലിന്‍റെ വിഷമങ്ങള്‍ കേട്ട ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ വേഗത്തിലായിരുന്നു.

തുടർന്ന് ഡി.സി.സി ജനറൽ സെക്രട്ടറിയും കോർപ്പറേഷൻ കൗൺസിലറുമായ ജോൺ ഡാനിയലിനെ വിളിച്ച് സുഫൈലിന്‍റെ വീട്ടിലെത്താന്‍ നിർദേശം നല്‍കി. പോകുമ്പോൾ കുറച്ചു ദിവസത്തേക്കുള്ള ഭക്ഷണകിറ്റും കുറച്ചു പണവും സുഫൈൽ കൈവശം കൊടുക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ജോണ്‍ ഡാനിയല്‍ സുഫൈലിന്‍റെ വീട്ടിലെത്തുകയും ഭക്ഷണകിറ്റ് കൈമാറുകയും ചെയ്തു. ഒരു മാസത്തേക്കുള്ള അരിയും മറ്റ് ഭക്ഷണസാധനങ്ങളും പച്ചക്കറിയും പണവും നല്‍കിയപ്പോള്‍ സുഫൈലിന്‍റെയും കുടുംബത്തിന്‍റെയും മുഖത്ത് തെളിഞ്ഞത് ഉമ്മന്‍ ചാണ്ടിയോടുള്ള സ്നേഹം. നിറകണ്ണുകളോടെയാണ് സുഫൈല്‍ ഉമ്മന്‍ ചാണ്ടിയോട് സംസാരിച്ചത്. ജോലി നഷ്ടമായ കാര്യം അറിയിച്ചപ്പോള്‍ വേണ്ടത് ചെയ്യാമെന്ന ഉറപ്പും അദ്ദേഹം നല്‍കി. സഹജീവികളോടുള്ള ഉമ്മന്‍ ചാണ്ടിയുടെ സ്നേഹവും കരുതലും അനുഭവിച്ചറിയുകയായിരുന്നു ഈ കുടുംബം.

Comments (0)
Add Comment