കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയമന അട്ടിമറി; അര്‍ഹരെ അവഗണിച്ചു

Jaihind Webdesk
Monday, September 17, 2018


കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനത്തിൽ പങ്കെടുത്ത കോഴിക്കോട് മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാർക്ക് വാഗ്ദാനം ചെയ്ത സ്ഥിരം നിയമനം അട്ടിമറിക്കപ്പെടുന്നു.   അധികാര സ്വാധീനമുപയോഗിച്ച് അർഹതപ്പെട്ടവരെ പൂർണമായും ഒഴിവാക്കിയാണ് നിയമന ലിസ്റ്റ് പോലും തയാറാക്കിയത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് നിപ എന്ന മാരക വൈറസ് വ്യാപിച്ചത്. ഇതിനിടെ ആശുപത്രി ജീവനക്കാരിൽ ഭയന്ന് ലീവിൽ പോയവരും വരാതിരുന്നവരും നിരവധിയാണ്. 20 വർഷത്തോളമായി മെഡിക്കല്‍ കോളേജിലെ ദിവസ വേതനക്കാരായ ശുചീകരണ തൊഴിലാളികൾ അപ്പോഴും കൃത്യമായി ജോലിക്കെത്തി. ലീവിൽ പോയവര്‍ക്ക് പകരമായി 15 പേരെ അധികമായെടുത്താണ് ജോലി ക്രമീകരിച്ചത്. നിപ പ്രതിരോധ പ്രവർത്തനത്തിൽ പങ്കെടുത്ത താൽക്കാലിക ജീവനക്കാർക്ക് സ്ഥിരം നിയമനമെന്ന നേരത്തെ നൽകിയത്.
വാഗ്ദാനം പാലിക്കാതെ, ഈ  15 പേരെയും ഇപ്പോൾ അധികൃതർ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്.

https://www.youtube.com/watch?v=A8jt46HdYUw

ഇവരെ ഉൾപ്പെടുത്താതെ 30 പേരടങ്ങുന്ന ലിസ്റ്റാണ് സൂപ്രണ്ട് അധികൃതർക്ക് കൈമാറിയത്. ഇതിൽ നിയമനം ലഭിച്ച 17 പേരിൽ 16ഉം പുരുഷ ജീവനക്കാരാണ്. ഇവർ പാർട്ടി സ്വാധീനമുപയോഗിച്ച് ലിസ്റ്റിൽ കടന്നുകൂടിയെന്നാണ് ആരോപണം. നിപ രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പുതന്നെ ജോലിയിൽ പ്രവേശിച്ചവരെയും ഇത്തരത്തിൽ ഒഴിവാക്കിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്നിട്ടും പ്രഖ്യാപിക്കപ്പെട്ട നിയമനം അർഹരിലേക്ക് എത്തിക്കാൻ പോലും അധികൃതർ ക്ക് സാധിച്ചിട്ടില്ല.