തദ്ദേശ തെരഞ്ഞെടുപ്പ് : നാമനിർദേശ പത്രിക സമർപ്പണം ഇന്നു മുതല്‍

Jaihind News Bureau
Thursday, November 12, 2020

 

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള നാമനിര്‍ദേശ പത്രികകള്‍ ഇന്നു മുതല്‍ സ്വീകരിക്കും. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് പത്രിക സ്വീകരിക്കുക.  അടുത്ത വ്യാഴാഴ്ചയാണ് അവസാന തീയതി.  കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ കർശനനിയന്ത്രണങ്ങളോടെയാണ് പത്രിക സമർപ്പണം.

സ്ഥാനാർത്ഥികളുടെ വാഹനവ്യൂഹം അനുവദിക്കില്ല. ഒരു വാഹനത്തിന് മാത്രമേ അനുമതിയുണ്ടാകുകയുള്ളൂ, സ്ഥാനാർത്ഥിയോടൊപ്പം ആൾക്കൂട്ടമോ ജാഥയോ ഉണ്ടാകാൻ പാടില്ല, പരമാവധി മൂന്ന് പേർ മാത്രമേ പത്രിക സമർപ്പണത്തിന് എത്താൻ പാടുള്ളൂ. കണ്ടെയ്ൻമെന്റ് സോണിലുള്ളവരോ ക്വാറന്റൈനിൽ കഴിയുന്നവരോ ആണെങ്കിൽ റിട്ടേണിങ് ഓഫിസറെ മുൻകൂട്ടി അറിയിക്കണം. സ്ഥാനാർഥി കോവിഡ് പോസിറ്റിവോ നിരീക്ഷണത്തിലോ ആണെങ്കിൽ നിർദേശകൻ മുഖേന നാമനിർദേശ പത്രിക സമർപ്പിക്കാം.

തെരഞ്ഞെടുപ്പ് കമ്മിഷൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുൻപാകെ സ്ഥാനാർഥി സത്യപ്രതിജ്ഞ ചെയ്ത് ഒപ്പു രേഖപ്പെടുത്തണം. തുടർന്നു സത്യപ്രതിജ്ഞാ രേഖ റിട്ടേണിങ് ഓഫിസർക്കു ഹാജരാക്കണം. പത്രിക സമര്‍പ്പണത്തിന് സ്ഥാനാര്‍ഥിയടക്കം മൂന്ന് പേര്‍ക്കാവും പ്രവേശനം. ഒരു സമയം ഒരു സ്ഥാനാര്‍ഥിക്ക് മാത്രമേ പത്രികസമര്‍പ്പണം അനുവദിക്കൂ. പത്രികകൾ സ്വീകരിക്കുന്ന വരണാധികാരികൾക്കും കോവിഡ് പ്രോട്ടോക്കോൾ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. റിട്ടേണിങ് ഓഫിസർമാർ നിർബന്ധമായും മാസ്‌ക്, കൈയുറ, ഫെയ്‌സ് ഷീൽഡ് എന്നിവ ധരിച്ചിരിക്കണം.