ഉപതിരഞ്ഞെടുപ്പിൻ്റെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂർത്തിയായി; വയനാട്ടിൽ 21 ഉം പാലക്കാട് 16 ഉം ചേലക്കരയിൽ ഒൻപത് സ്ഥാനാർത്ഥികളും പത്രിക സമർപ്പിച്ചു

Jaihind Webdesk
Friday, October 25, 2024

തിരുവനന്തപുരം : സംസ്ഥാനത്ത് നടക്കാൻ പോകുന്ന ഉപതിരഞ്ഞെടുപ്പുകളിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചു. വയനാട്ടിൽ 21ഉം പാലക്കാട് 16ഉം ചേലക്കരയിൽ ഒൻപത് സ്ഥാനാർത്ഥികളും പത്രിക സമർപ്പിച്ചു.

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ വയനാട് മണ്ഡലത്തിൽ ഇടതു മുന്നണിക്ക് സ്ഥാനാർത്ഥിയായി സിപിഐയുടെ  സത്യന്‍ മൊകേരിയും ബിജെപി സ്ഥാനാർത്ഥിയായി  നവ്യാ ഹരിദാസും നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.

പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേരിനോട് സാമ്യമുള്ള രാഹുൽ ആർ, രാഹുൽ ആർ മണലിട എന്നീ രണ്ടു സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ട്.

ഇടതുമുന്നണി സ്ഥാനാർത്ഥി പി സരിനും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനും  പുറമേഡമ്മി സ്ഥാനാർഥികളായി കെ ബിനു മോൾ (സിപിഎം), കെ പ്രമീള കുമാരി (ബിജെപി) എന്നിവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

ചേലക്കരയിൽ മുന്നണി സ്ഥാനാർഥികൾക്ക് ആർക്കും അപരനില്ലെങ്കിലും രമ്യ ഹരിദാസിന്റെ പേരിനോട് സാമ്യമുള്ള ഹരിദാസ് എന്നൊരാൾ പത്രിക സമർപ്പിച്ചിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർഥിയായി യുആർ പ്രദീപ് (എഡിഎഫ് , രമ്യ ഹരിദാസ് (യുഡിഎഫ്), കെ ബാലകൃഷ്ണൻ (ബിജെപി),  പിവി അൻവറിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി എൻകെ സുധീർ എന്നിവരാണ് പത്രിക സമർപ്പിച്ച പ്രമുഖർ.

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 28 ന് നടക്കും. ഒക്ടോബര്‍ 30 ന് വൈകിട്ട് മൂന്ന് മണിക്കകം സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.

നവംബർ 13നാണ്  മൂന്ന് മണ്ഡലങ്ങളിലേയും വോട്ടെടുപ്പ്. നവംബർ 23നാണ് ഫലപ്രഖ്യാപനം.