സര്‍വകലാശാല നിയമ ഭേദഗതി ബില്ലിന് സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം: ഇനി ഗവര്‍ണറുടെ ഊഴം; ഒപ്പിടുമോ?

Jaihind Webdesk
Wednesday, August 24, 2022

 

തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം അപ്രസക്തമാക്കുന്ന  സര്‍വകലാശാല നിയമ ഭേദഗതി ബിൽ 2022 നിയമസഭയിൽ അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അവതരിപ്പിച്ച ബിൽ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചു. ഓഗസ്റ്റ് ഒന്നിന്‍റെ മുൻകാല പ്രാബല്യത്തോടെ ആകും ബിൽ പാസാക്കുക. അതേസമയം ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.

ഓഗസ്റ്റ് ഒന്ന് മുതലാണ് നിയമ ഭേദഗതിക്ക് പ്രാബല്യം ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് 5 നാണ് ഗവർണർ കേരള സർവകലാശാല വിസി നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം ഗവർണർ രൂപീകരിച്ച കമ്മറ്റിക്ക് സാധുത ഇല്ലാതാകും. ഇതിന് വേണ്ടിയാണ് മുന്‍കാലപ്രാബല്യത്തോടെ ബില്‍ പാസാക്കുന്നത്.

യുജിസി നിയമങ്ങൾക്കു വിരുദ്ധമാണ് ബില്ലെന്നും ചാന്‍സിലറുടെ അധികാരം പരിമിതപ്പെടുമെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ എതിർത്തു. സബ്ജക്ട് കമ്മിറ്റിയിലും പ്രതിപക്ഷ അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയുമാണ് സബ്ജക്ട് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങള്‍.

സര്‍വകലാശാല നിയമത്തിലെ ഭേദഗതി ഇങ്ങനെ:

വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലെ കൺവീനറെ തീരുമാനിക്കാനുള്ള ഗവർണറുടെ അധികാരം ബില്ലിൽ ഒഴിവാക്കി. വിസിയുടെ പ്രായപരിധി 60 ൽ നിന്ന് 65 ആക്കി ഉയർത്തി. സർക്കാർ തീരുമാനിക്കുന്നയാളെ വിസിയാക്കാൻ സെർച്ച് കമ്മിറ്റിയിൽ രണ്ട് സർക്കാർ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി. ഇതോടെ സെര്‍ച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചാകും.

ഗവർണറുടെയും സർവകലാശാലയുടെയും യുജിസിയുടെയും പ്രതിനിധികളാണ് വിസിയെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിൽ ഇപ്പോഴുള്ളത്. ഈ കമ്മിറ്റിയിലേക്ക് കൗൺസിൽ വൈസ് ചെയർമാനെയും സർക്കാർ പ്രതിനിധിയെയും അധികമായി ഉൾപ്പെടുത്തി. സെര്‍ച്ച് കമ്മിറ്റിയില്‍ ഭൂരിപക്ഷം ലഭിച്ചതോടെ സർക്കാരിന് താൽപര്യമുള്ള പേരുകൾ മാത്രമേ വിസി നിയമനത്തിനായി ഇനി ഗവർണർക്ക് മുന്നിലെത്തൂ.

ഗവര്‍ണറുടെ തീരുമാനം നിര്‍ണായകം:

അതേസമയം ബില്‍ സഭ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിട്ടാല്‍ മാത്രമേ നിയമമാകൂ. സഭ പാസാക്കുന്ന ബില്ലില്‍ ഒപ്പിടാന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ ബാധ്യസ്ഥനാണെങ്കിലും വിയോജിപ്പ് ഉണ്ടെങ്കില്‍ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകാനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. ഏത് ബില്‍ പാസാക്കിയാലും ബന്ധുനിയമനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍. ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചാല്‍ സര്‍ക്കാരിന് അത് തിരിച്ചടിയാകും.