പഠന സമയം വിദ്യാർത്ഥികൾക്ക് അനിയോജ്യമായ തരത്തിൽ പുന: ക്രമീകരിക്കണം; ഐറ്റിഐകളിൽ പ്രതിഷേധം തുടരാൻ കെഎസ്‌യു; ഇന്ന് പഠിപ്പ് മുടക്ക്

Jaihind Webdesk
Monday, December 2, 2024

 

തിരുവനന്തപുരം: സംസ്ഥാനത്തെ ഐറ്റിഐകളിൽ  കെഎസ്‌യു ഇന്ന് പഠിപ്പുമുടക്കും. നേരത്തെയുണ്ടായിരുന്ന ശനിയാഴ്ച്ച ക്ലാസുകൾ റദ്ദാക്കി തീരുമാനം വന്നപ്പോൾ, ഷിഫ്റ്റ് സമയക്രമം മാറ്റിയതിൽ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്ക് സമരം നടത്തുന്നത്.

ഐടിഐകളിൽ ഹോസ്റ്റൽ സൗകര്യം ഇല്ലെന്നതും, യാത്രാ സൗകര്യങ്ങളിലുണ്ടാവുന്ന ബുദ്ധിമുട്ടികളും, വിവിധ സാമ്പത്തിക ചുറ്റിപ്പാടിൽ നിന്ന് വരുന്നവരായതിനാലും പുതിയ സമയക്രമം വിദ്യാർത്ഥികൾക്ക് സൃഷ്ടിക്കുന്ന പരിമിതികൾ നിരവധിയാണ്.

ഐടിഐ വിദ്യാഭ്യാസം കൊണ്ട് പല സാമൂഹികമായും സാമ്പത്തികമായും പിന്നോക്ക നിൽക്കുന്ന കുട്ടികളുടെയും കുടുംബങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുന്ന സാഹചര്യത്തിൽ ഈ സമയക്രമം സ്വീകരിച്ചാൽ പല കുട്ടികൾക്കും പഠനം ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി.

80ശതമാനം അറ്റന്‍റൻസ് ഇല്ലെങ്കിൽ ട്രെയിനികൾക്ക് പരീക്ഷ എഴുതാൻ സാധിക്കില്ലന്നിരിക്കെ ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന ഐറ്റിഐകളിൽ വാഹനസൗകര്യങ്ങളുടെ അപര്യാപ്തത മൂലം ക്ലാസുകൾ കൃത്യസമയത്ത് എത്താൻ സാധിക്കാത്ത അവസ്ഥയാണ്. ശനിയാഴ്ച അവധി കൊടുത്തു കൊണ്ട് എല്ലാ ദിവസവും ട്രെയിനിങ് സമയം കൂട്ടാതിരുന്നാലും DGT നിഷ്കർഷിക്കുന്ന 1200 മണിക്കൂർ പൂർത്തിയാക്കാൻ സാധിക്കുമെന്നിരിക്കെ പുതിയ സമയക്രമത്തിന്‍റെ ആവശ്യമായി വരുന്നില്ലന്നും, തീരുമാനം പിൻവലിക്കണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

വിഷയത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രിയെ കൊണ്ട് വിദ്യാർത്ഥികളുടെ ആശങ്ക അറിയിക്കുമെന്നും, തീരുമാനം പിൻവലിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് വ്യക്തമാക്കി.